മോദിയെ നേരില്‍ കാണണോ ?: ബി.ജെ.പിക്ക് അഞ്ച് രൂപ സംഭാവന കൊടുത്താല്‍ മതി !

single-img
29 November 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാന്‍ അഞ്ച് രൂപ നല്‍കിയാല്‍ മതി. മോദിയുടെ നമോ ആപ്പ് വഴിയാണ് ഈ സൗകര്യം. റഫറല്‍ കോഡ് വഴിയാണ് സംവിധാനം സാധ്യമാകുക. നരേന്ദ്രമോദിയെ മുഖാമുഖം കാണാമെന്നാണ് റഫറല്‍ കോഡിലെ പ്രധാന വാഗ്ദാനം.

ബി.ജെ.പിക്ക് 5 രൂപ മുതല്‍ നല്‍കിയാല്‍ മാത്രമെ റഫറല്‍ കോഡ് ലഭ്യമാകൂ. റഫറല്‍ കോഡ് ലഭിച്ചാല്‍ ഇത് വാട്‌സാപ്പ്, എസ്.എം.എസ്, ഇമെയില്‍ വഴി മറ്റ് കോണ്‍ടാക്റ്റുകളിലേക്ക് അയക്കണം. അയക്കുന്ന ലിങ്കില്‍ നിന്നോ റഫറല്‍ കോഡ് ഉപയോഗിച്ചോ സന്ദേശം ലഭിക്കുന്നവര്‍ നമോ ആപ്പിലൂടെ ബി.ജെ.പിക്ക് സംഭാവന നല്‍കിയാല്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ലഭിക്കും.

സാധാരണക്കാരായ ജനങ്ങളെയും പ്രധാനമന്ത്രിയെയും സംഭാവനകളിലൂടെ ബന്ധിപ്പിക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉദ്ദേശമെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. ഒരു വ്യക്തി സംഭാവന ചെയ്ത ശരാശരി തുക 300-400 രൂപയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ 100 രൂപയോ അല്ലെങ്കില്‍ 1000 രൂപയോ സംഭാവന ചെയ്തിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.

നമോ ആപ്പില്‍ കഴിഞ്ഞദിവസമാണ് ബി.ജെ.പി സംഭാവന നല്‍കാനുള്ള സംവിധാനം അവതരിപ്പിച്ചത്. നിങ്ങളുടെ റഫറല്‍ കോഡ് ഉപയോഗിച്ച് പത്തു പേരെങ്കിലും സംഭാവന നല്‍കിയാല്‍ നമോ ആപ്പിലെ ലഭ്യമായ ടി ഷര്‍ട്ട്, കോഫീ മഗ് തുടങ്ങിയ സാധനങ്ങള്‍ സൗജന്യമായി ലഭിക്കുമെന്ന വാഗ്ദാനവുമുണ്ട്.