നീണ്ട നാളത്തെ പ്രക്ഷോഭത്തിനൊടുവില്‍ മറാത്ത സംവരണ ബില്‍ മഹാരാഷ്ട്ര നിയമസഭ പാസാക്കി

single-img
29 November 2018

മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗത്തിന് 16 ശതമാനം സംവരണം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് മറാത്തകള്‍ക്ക് സംവരണം നല്‍കുക. എസ്.ഇ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണിത്. മറാത്തകള്‍ക്ക് സംവരണം നല്‍കുന്ന ബില്‍ നിയമസഭയില്‍ പാസായി.

മറാത്ത സംവരണ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ ബി.ജെ.പിയും ശിവസേനയും എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ബില്‍ പാസാക്കാന്‍ ഒപ്പം നിന്ന പ്രതിപക്ഷത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് നന്ദിയറിയിച്ചു.

മഹാരാഷ്ട്ര പിന്നാക്ക വിഭാഗ കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംവരണം അനുവദിക്കുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിക്കുന്ന വേളയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സഭയില്‍ സമര്‍പ്പിച്ചു.

ബില്‍ പാസായതോടെ ഭരണഘടനയുടെ 15(4), 16(4) അനുഛേദപ്രകാരമുള്ള സംവരാണാനുകൂല്യത്തിന് മറാത്താ വിഭാഗക്കാര്‍ അര്‍ഹരാകും. മഹാരാഷ്ട്ര ജനസംഖ്യയില്‍ 30 ശതമാനം വരും മറാത്താ സമുദായം. സംവരണം എന്നത് ഇവരുടെ ദീര്‍ഘകാലമായ ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലുമായി ഇതേ ആവശ്യം ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇതേതുടര്‍ന്നാണ് സര്‍ക്കാര്‍ വിഷയം പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചത്.