‘അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ; എന്റെ സ്വജാതിക്കാരനാണോ?’: മമ്മൂട്ടി ചോദിച്ചത് കേട്ട് ഞാന്‍ ഇളിഭ്യനായിപ്പോയി; അനുഭവം തുറന്നുപറഞ്ഞ് ശ്രീകുമാര്‍

single-img
29 November 2018

മമ്മൂട്ടി മനുഷ്യ സ്‌നേഹിയാണെന്നും അദ്ദേഹത്തെ മനസിലാക്കിയത് വൈകിയാണെന്നും നടനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍. ആദ്യം കണ്ട സമയത്ത് വഴക്കിട്ട് പിരിഞ്ഞവരാണ് ഞങ്ങളെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ പറഞ്ഞു. സിനിമ നിര്‍മ്മാണം പൊട്ടിപൊളിഞ്ഞിരിക്കുന്ന സമയത്ത് മമ്മൂട്ടി എനിക്ക് കൈതാങ്ങായി കൂടെ നിന്നു. അന്ന് ജീവിക്കാന്‍ നിവര്‍ത്തിയില്ലാതിരുന്ന എന്നെ ഇന്നു കാണുന്ന നിലയില്‍ എത്തിച്ചത് അദ്ദേഹമാണ്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടിയെന്നും ശ്രീകുമാര്‍ വ്യക്തമാക്കി.

ശ്രീകുമാറിന്റെ വാക്കുകള്‍

‘കൈയും തലയും പുറത്തിടരുതെന്ന സിനിമയുടെ കഥ പറയാന്‍ വേണ്ടി ഞാനും തോപ്പില്‍ ഭാസിയും കൂടി മദ്രാസില്‍ മമ്മൂട്ടിയെ കാണാന്‍ എത്തി. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഞങ്ങള്‍ ചെല്ലുമ്പോള്‍ ടൈറ്റ് ബനിയനൊക്കെ ഇട്ട് സുന്ദരനായി മമ്മൂട്ടി അവിടെ ആള്‍ക്കൂട്ടത്തിനു നടുവില്‍ ഇരിക്കുന്നുണ്ടായിരുന്നു.

അതില്‍ ജിയോ കുട്ടപ്പന്‍ ഉണ്ട്, ജൂബിലി ജോയ് ഉണ്ട്, അങ്ങനെ നാലഞ്ച് പേര്‍ ഉണ്ട്. ഞാന്‍ മമ്മൂട്ടിയോട് ഒന്ന് കാണണമെന്ന് പറഞ്ഞു. എന്നാല്‍ മമ്മൂട്ടി ഒന്നും മിണ്ടിയില്ല. കുറേ നേരത്തിന് ശേഷം അദ്ദേഹം ഞങ്ങളുടെ അടുത്തേയ്ക്ക് വന്നു. പെട്ടെന്ന് ഇറങ്ങി വരാന്‍ സാധിച്ചില്ലെന്നും കൂടെ ഇരുന്നവരെല്ലാം ഇന്‍ഡസ്ട്രി നയിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. സെപ്റ്റംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നതെന്നും ആറ് ദിവസത്തെ ഡേറ്റ് മാത്രം മതിയെന്നും ഞങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞു. എന്നാല്‍ തനിയ്ക്ക് സമയമില്ലെന്നും ഒരു വര്‍ഷം കഴിഞ്ഞ് നോക്കാമെന്നും മമ്മൂക്ക പറഞ്ഞു.

എന്നാല്‍ അല്‍പം നേരം മൗനമായി ഇരുന്ന ശേഷം ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൂടെയെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. എന്നാല്‍ മമ്മൂക്ക ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ’യെന്നും അദ്ദേഹം എന്നോട് ചോദിച്ചു.

ഞാനിങ്ങനെ മമ്മൂട്ടിയുടെ മുമ്പില്‍ ഇളിഭ്യനായി നില്‍ക്കയാണ്. അതേസമയം മമ്മൂട്ടി കോടമ്പക്കം കാണുന്നതിന് മുമ്പ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമല്ലോ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നു. ഈ സമയം മമ്മൂട്ടി ഈ ചിത്രത്തിന് അടുത്ത സെപ്റ്റംബറില്‍ ഡേറ്റ് തരാമെന്ന് പറഞ്ഞു.

എന്നാല്‍ ആ സമയത്ത് ഞാന്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. മമ്മൂട്ടി ഞങ്ങളോട് പറഞ്ഞതൊക്കെ ഞാന്‍ അങ്ങോട്ട് തിരിച്ചു പറഞ്ഞു. അവിടെ വെച്ച് ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായി പിരിഞ്ഞു. അന്ന് ഹോട്ടലിലെത്തിയിട്ടും എനിക്ക് പറ്റുന്നില്ലായിരുന്നു. ഇയാളെ രണ്ട് ചീത്ത കൂടി വിളിക്കണമെന്ന തോന്നല്‍.

അങ്ങിനെ കാറെടുത്തു പ്രസാദ് സ്റ്റുഡിയോയിലേക്ക് പോയി. അവിടെ മമ്മൂട്ടിയുടെ കൂടെ ജോസ് പ്രകാശും ഉണ്ടായിരുന്നു അപ്പോള്‍. മമ്മൂട്ടി ശുദ്ധനാണ് പറഞ്ഞതൊക്കെ അപ്പോഴേക്കും മറന്നിരുന്നു. എന്നെ കണ്ട ഉടനെ ചോദിച്ചു. ആ സിനിമയിലേക്ക് ആളായിട്ടില്ലെങ്കില്‍ ആ കഥാപാത്രം ജോസിന് കൊടുക്കുമോന്ന്.

കേട്ടപാതി അവസരം വീണ് കിട്ടിയ ഞാന്‍ വീണ്ടും ചൂടായി. കുറെ അസഭ്യം പറഞ്ഞു. ആ സംഭവത്തിനു ശേഷം പ്രിയദര്‍ശന്റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത് എന്നെ കണ്ടയുടനെ അദ്ദേഹം സലാം വച്ചു.

എന്നാല്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അദ്ദേഹം ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടുകയായിരുന്നു. എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞു ‘നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ എന്ന്’. സിനിമയില്‍ നിര്‍മ്മാണമൊക്കെ പൊട്ടിപൊളിഞ്ഞിരിക്കുന്ന സമയത്ത് അദ്ദേഹം എനിയ്ക്ക് കൈതാങ്ങായി കൂടെ നിന്നു. അന്ന് ജീവിക്കാന്‍ നിവര്‍ത്തിയില്ലാതിരുന്ന എന്നെ ഇന്നു കാണുന്ന നിലയില്‍ എത്തിച്ചത് അദ്ദേഹമാണ്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി. അപാരമായ മനുഷ്യസ്‌നേഹിയാണ് അദ്ദേഹം- ശ്രീകുമാര്‍ പറയുന്നു.