കെ. സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പോലീസ്

single-img
29 November 2018

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നു പൊലീസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോള്‍ വാറന്റ് നിലവിലില്ല എന്ന വാദം തെറ്റാണ്. വാറന്റ് 21ന് തന്നെ കൊട്ടാരക്കര സബ് ജയിലില്‍ സൂപ്രണ്ടിനു ലഭിച്ചുവെന്നാണു പൊലീസ് പറയുന്നത്.

നിലയ്ക്കലില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് നവംബര്‍ 17 നാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചുവെങ്കിലും പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്തതിനാല്‍ പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

വാറണ്ട് ഇല്ലാതെയായിരുന്നു രണ്ടാമത്തെ അറസ്റ്റ് എന്നായിരുന്നു സുരേന്ദ്രന്റെ വാദം. എന്നാല്‍, സുരേന്ദ്രനെതിരെയുള്ള വാറണ്ട് നവംബര്‍ 21 ന് തന്നെ കൊട്ടാരക്കര സബ്ജയില്‍ സൂപ്രണ്ടിന് ലഭിച്ചിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കാര്യത്തില്‍ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വാദം.

ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുരേന്ദ്രന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ ഇക്കാര്യം പോലീസ് കോടതിയില്‍ ഉന്നയിക്കും. അതേസമയം ക്രൂരമായും വൈരാഗ്യബുദ്ധിയോടെയുമാണ് പൊലീസ് പെരുമാറുന്നതെന്ന് സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.