ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിജയകരമായി വിക്ഷേപിച്ചു

single-img
29 November 2018

ഇന്ത്യയുടെ അതിനൂതന ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് (ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിങ് സാറ്റലൈറ്റ്) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു രാവിലെ 9.58നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വി സി43 റോക്കറ്റാണ് ഹൈസിസുമായി കുതിച്ചുയര്‍ന്നത്.

ഹൈസിസ് കൂടാതെ 30 വിദേശ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി. സി43 വഹിക്കുന്നുണ്ട്. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്തുനിന്ന് പഠനവിധേയമാക്കുകയാണ് ഐ.എസ്.ആര്‍.ഒ. നിര്‍മിച്ച ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. കൃഷി, വനം, തീരദേശമേഖലയുടെ നിര്‍ണയം, ഉള്‍നാടന്‍ ജലസംവിധാനം, തുടങ്ങിയവക്കും സൈനികാവശ്യങ്ങള്‍ക്കുമായിരിക്കും ഇതില്‍ നിന്നുള്ള വിവരങ്ങള്‍ പ്രയോജനപ്പെടും.

അഞ്ച് വര്‍ഷമാണ് ഹൈസിസിന്റെ കാലാവധി. പി.എസ്.എല്‍.വി. ശ്രേണിയിലെ ഏറ്റവും ഭാരം കുറഞ്ഞ വിക്ഷേപണ വാഹനമാണ് സി43. 380 കിലോഗ്രാമാണ് ഇതിന്റെ ഭാരം. മറ്റ് ഉപഗ്രഹങ്ങളില്‍ 23 എണ്ണം അമേരിക്കയില്‍ നിന്നുള്ളതാണ്. നെതര്‍ലന്‍ഡ്‌സ്, കാനഡ, സ്വിറ്റ്‌സര്‍ലന്‍ഡ്, കൊളംബിയ, മലേഷ്യ, ഫിന്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളുടേതാണ് ബാക്കിയുള്ളവ.

ഹൈസിസിനൊപ്പം വിക്ഷേപിക്കുന്ന 30 വാണിജ്യ ഉപഗ്രഹങ്ങളില്‍ ഒരെണ്ണം മൈക്രോ ഉപഗ്രഹവും ബാക്കിയുള്ളവ നാനോ ഉപഗ്രഹങ്ങളുമാണ്. ഐ.എസ്.ആര്‍.ഒയുടെ ഈ മാസത്തെ രണ്ടാമത്തെ വിക്ഷേപണ ദൗത്യമാണിത്. നവംബര്‍ 14 ന് ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചിരുന്നു.