സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടാഴ്ചത്തെ നിരാഹാര സമരവുമായി ബിജെപി; എ.എന്‍.രാധാകൃഷ്ണന്‍ ആദ്യം നിരാഹാരമിരിക്കും

single-img
29 November 2018

ശബരിമല പ്രതിഷേധത്തിന്റെ ദിശമാറ്റാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചു. ശബരിമല കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാനാണ് പാര്‍ട്ടിയില്‍ ധാരണയായിരിക്കുന്നത്. തലസ്ഥാനം കേന്ദ്രീകരിച്ചാവും പുതിയ പ്രതിഷേധങ്ങള്‍ അരങ്ങേറുക.

ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതല്‍ ബിജെപി സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടാഴ്ച നിരാഹാരസമരം നട. നിരോധനാജ്ഞയും നേതാക്കള്‍ക്കെതിരായ കേസുകളും പിന്‍വലിക്കണമെന്നതടക്കം നാല് ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. എ.എന്‍. രാധാകൃഷ്ണന്‍ ആദ്യം നിരാഹാരം അനുഷ്ഠിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.

ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരെ രണ്ടാംതരം പൗരന്മാരായാണ് പിണറായി വിജയന്‍ കാണുന്നത്. അദ്ദേഹത്തിന്റെ പ്രവൃത്തി അതാണ് സൂചിപ്പിക്കുന്നത്. പി.സി.ജോര്‍ജുമായി നിയമസഭയില്‍ സഹകരിച്ച് പോകാനാണ് നിലവില്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്.

അദ്ദേഹം എന്‍ഡിഎയുടെ ഭാഗമാകുമോ എന്ന കാര്യമൊക്കെ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കേണ്ട വിഷയമാണ്. നിലവില്‍ അദ്ദേഹം നിയമസഭയില്‍ സഹകരിച്ചു പോകാം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ ഇടതുവലതു മുന്നണികളില്‍ നിന്നും കൂടുതല്‍ കക്ഷികള്‍ ബിജെപിയിലേക്ക് വരുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.