മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു; ‘നോട്ട് നിരോധനം പരാജയം; കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കി’

single-img
29 November 2018

നോട്ട് നിരോധനം കിരാതമായ സാമ്പത്തിക ആഘാതമായിരുന്നുവെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന അരവിന്ദ് സുബ്രഹ്മണ്യന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനായിരുന്നു.

നരേന്ദ്ര മോദിയുടെ ഭരണകാലത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വിവരിക്കുന്ന ദാഫ് കൗണ്‍സല്‍ ദ് ചലഞ്ചസ് ഓഫ് ദ് മോദി ജയ്റ്റ്‌ലി ഇക്കണോമി എന്ന പുസ്തകത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. നോട്ട് നിരോധനം മൂലം സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞുവെന്നും അസംഘടിത മേഖല തകര്‍ന്നുവെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.

അരവിന്ദ് സുബ്രഹ്മണ്യനോട് ആലോചിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചത് എന്ന വിമര്‍ശനം നേരത്തെയുണ്ടായിരുന്നു. നാലുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കി ജൂണ്‍ 20 നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ മുഖ്യസാമ്പത്തിക ഉപദേഷ്ടാവിന്റെ പദവിയില്‍ നിന്നിറങ്ങിയത്.

നോട്ട് നിരോധനത്തില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പു പ്രധാനമന്ത്രി തന്നോട് ഉപദേശം ചോദിച്ചിരുന്നോ എന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചിട്ടില്ല. നോട്ട് നിരോധനത്തോടെ 86 ശതമാനം കറന്‍സികളും തിരികെയെത്തി. ജിഡിപി വളര്‍ച്ചയെ ഇതു മോശമായി ബാധിച്ചു.

നോട്ട് നിരോധനത്തിനു മുന്‍പു തന്നെ വളര്‍ച്ച പതുക്കെയായിരുന്നു. എന്നാല്‍ പിന്നീട് ഇടര്‍ച്ചയുടെ വേഗത കൂടി. ഇക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകും എന്നു തോന്നുന്നില്ല. ഇതേസമയത്തു തന്നെ പലിശ നിരക്ക്, ജിഎസ്ടി, ഇന്ധനവിലയിലെ മാറ്റം തുടങ്ങിയവയെല്ലാം വളര്‍ച്ചയെ ബാധിച്ചു- അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തൊന്നും ഒരു രാജ്യവും കൊണ്ടുവരാത്ത നീക്കമാണു നോട്ട് നിരോധനം. കാലമെടുത്തുള്ള നോട്ട് നിരോധനം, പെട്ടെന്നുള്ള നിരോധനം തുടങ്ങിയ രണ്ടു രീതികളാണ് ഉള്ളത്. യുദ്ധം, സാമ്പത്തിക മാന്ദ്യം, രാഷ്ട്രീയ കലാപം തുടങ്ങിയ സാഹചര്യങ്ങളിലാണ് പെട്ടെന്നുള്ള നിരോധനം കൊണ്ടുവരുന്നത്. ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇതുവരെയില്ലാത്ത രീതിയിലുള്ള പരീക്ഷണമായിരുന്നു നോട്ട് നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.