ഉണ്ണിയപ്പവും അരവണയും വില്‍ക്കുന്നില്ല,വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പന്തളം കൊട്ടാരം;മാപ്പ് ചോദിച്ച് ശ്രീജിത്ത് പന്തളം

single-img
28 November 2018

പന്തളം: ശബരിമലയിലെ വഴിപാട് പ്രസാദത്തിനു സമാനമായി ഉണ്ണിയപ്പവും അരവണയും നിർമിച്ച് വിതരണം ചെയ്യുന്നില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം. പന്തളം കൊട്ടാരത്തിൽ നിന്നും ഉണ്ണിയപ്പം, അരവണ എന്നിവ വിൽക്കുന്നുണ്ടെന്നും ഇതിൽ നിന്നുള്ള വരുമാനം യുവതി പ്രവേശത്തിനെതിരായ കേസുകൾ നടത്താൻ വിനിയോഗിക്കുമെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് കൊട്ടാരം പ്രതിനിധി ശശികുമാര വർമ വ്യക്തമാക്കി.

ശബരിമലയിലെ അപ്പം അരവണ വില്‍പന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുഖ്യ വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണെന്നിരിക്കെ ഇത് തടയാന്‍ ലക്ഷ്യമിട്ടാണ് സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളിലും വാട്സ് ആപ്പ് സന്ദേശങ്ങളിലും വ്യാജ പ്രചരണം നടക്കുന്നത്. യുവതി പ്രവേശ വിഷയത്തില്‍ പന്തളം കൊട്ടാരം നടത്തുന്ന നിയമ നടപടികള്‍ക്കായി പണം ചെലവഴിക്കുന്നതിനാല്‍ ശബരിമലയില്‍ നിന്ന് പ്രസാദം വാങ്ങുന്നത് ഒഴിവാക്കി പന്തളത്തെ പ്രസാദം വാങ്ങണമെന്നായിരുന്നു പ്രചരണം.

പന്തളം കൊട്ടാരം നിർവാഹക സമിതി വിശദീകരണ കുറിപ്പിറക്കിയതോടെ സംഘപരിവാർ പ്രവർത്തകൻ ശ്രീജിത്ത് പന്തളം മാപ്പ് പറഞ്ഞു. പന്തളം നിർവാഹക സമിതി എന്ന് തെറ്റായി പോസ്റ്റിൽ വന്നുപോയതാണെന്നും ശ്രീജിത്ത് ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു. ശബരിമല ദർശനം കഴിഞ്ഞ് പന്തളത്ത് എത്തുന്ന അയ്യപ്പഭക്തർക്കായി പന്തളം കൊട്ടാരം അപ്പം അരവണ എന്നിവ നിർമ്മിച്ചു വിൽക്കുന്നു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പന്തളം ശ്രീജിത്ത് പോസ്റ്റ് ചെയ്തിരുന്നു.

കൊട്ടാരം നിർവാഹക സമിതി എന്നത് തെറ്റായി പോസ്റ്റിൽ ചേർത്തതാണെന്നും ആ പോസ്റ്റ് പിന്നീട് എഡിറ്റ് ചെയ്തിരുന്നെന്നും ശ്രീജിത്ത് പറയുന്നു. കൊട്ടാരത്തിൽ അരവണയും അപ്പവും ലഭ്യമാണ് എന്നത് സത്യമാണ്.പന്തളത്ത് എത്തുന്നവർ ഇവിടെ വന്ന് അപ്പം വാങ്ങണം. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കൊട്ടാരത്തിലുള്ളവർക്ക് അതൊരു സഹായമാകുമെന്നും ശ്രീജിത്ത് പറഞ്ഞു.

മണ്ഡലകാലത്ത് മിതമായ വിലയ്ക്ക് പണ്ട് മുതൽക്കുതന്നെ കടുംപായസം പന്തളം കൊട്ടാരത്തിലും തേവാരപ്പുരയിൽ എത്തുന്നവർക്ക് വാങ്ങാവുന്നതാണ്. ഈ ബോട്ടിലിൽ പന്തളം രാജാവിന്റെയും മണികണ്ഠന്റെയും ചിത്രവും ഉണ്ട്. ഈ ബോട്ടിലിന്റെ ചിത്രവും പങ്കുവച്ചായിരുന്നു പ്രചാരണം.