ബിഗ്‌ബോസില്‍ ഐപിഎല്‍ വാതുവെപ്പിനെ കുറിച്ച് പറഞ്ഞ് പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; പരിഹസിച്ച് രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഉടമ രാജ് കുന്ദ്ര; പ്രതിഫലം തന്നുതീര്‍ത്തിട്ട് പരിഹസിക്കൂവെന്ന് ശ്രീശാന്തിന്റെ ഭാര്യ

single-img
27 November 2018

ഹിന്ദി വിനോദ ചാനലായ കളേഴ്‌സ് സംപ്രേഷണം ചെയ്യുന്ന പരിപാടിയാണ് ബിഗ് ബോസ്. മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് മത്സരാര്‍ഥിയായി എത്തുന്നു എന്നത് തന്നെയായിരുന്നു ബിഗ് ബോസ് 12 സീസണിന്റെ പ്രത്യേകത. കളിക്കളത്തിലെപ്പോലെതന്നെ ആവേശകരമായ പ്രകടനമാണ് താരം പുറത്തെടുക്കുകയെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്ക് തുടക്കത്തില്‍ കടുത്ത നിരാശയായിരുന്നു ശ്രീശാന്ത് സമ്മാനിച്ചത്.

ബിഗ് ബോസിലെ പല കാര്യങ്ങളുമായി തനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് താരം തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. രണ്ട് ദിവസം പിന്നിട്ടപ്പോള്‍തന്നെ പുറത്ത് പോവണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പല ടാസ്‌ക്കുകളിലും പിന്മാറുന്ന ശ്രീശാന്തിനെയായിരുന്നു തുടക്കത്തില്‍ കാണുവാന്‍ കഴിഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ കഥ മാറിയിരിക്കുകയാണ്. മിക്ക ടാസ്‌ക്കുകളിലും ‘ഗെയിം ചേഞ്ചര്‍’ ആയി മാറുകയാണ് കേരളത്തിന്റെ പ്രിയതാരം ശ്രീശാന്ത്. ഇതിനിടെ ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.

ഐപിഎല്‍ ക്രിക്കറ്റ് വാതുവയ്പിനെ കുറിച്ചാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വാതുവയ്പ് നടത്തിയെന്നാണ് പൊലീസ് തനിക്കെതിരെ കണ്ടെത്തിയ കുറ്റം. അതിനായി പത്തു ലക്ഷം രൂപ താന്‍ വാങ്ങിയെന്നു അവര്‍ പറയുന്നു.

എല്ലാ തെളിവുകളും അവരുടെ കയ്യിലുണ്ടെന്നും പറഞ്ഞു. പക്ഷെ താനങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല. താന്‍ നിരപരാധിയാണ്. കേസ് തന്റെ കുടുംബത്തെ ഏറെ സമ്മര്‍ദ്ദത്തിലാക്കി. ജീവിതം അവസാനിപ്പിക്കാന്‍ പോലും ചിന്തിച്ചു. ഇപ്പോള്‍ എന്റെ മകള്‍ വിദ്യാലയത്തില്‍ പോകുന്നുണ്ട്.

മക്കള്‍ ക്രിക്കറ്റ് താരങ്ങളായാല്‍ അവരുടെ കളി കാണാന്‍ പോലും തനിക്കു സ്റ്റേഡിയത്തില്‍ കയറാനാകില്ലെന്നു പറഞ്ഞ് ശ്രീ പൊട്ടിക്കരഞ്ഞു. സഹമത്സരാര്‍ഥികളായ ദീപിക കക്കാറിനോടു ജസ്‌ലീന്‍ മാതറിനോടുമാണ് ശ്രീ ഇക്കാര്യങ്ങള്‍ പറയുന്നത്. ഇരുവരും ശ്രീയെ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു.

അതിനിടെ ശ്രീശാന്തിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ചാനല്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനു താഴെ ‘എപ്പിക്’ എന്ന് ചിരിക്കുന്ന ഇമോജി സഹിതം പരിഹാസപൂര്‍വം കമന്റിട്ട രാജസ്ഥാന്‍ റോയല്‍സ് മുന്‍ ഉടമ രാജ് കുന്ദ്ര വിവാദത്തില്‍പ്പെട്ടു. കുന്ദ്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണുയരുന്നത്.

ശ്രീശാന്ത് കുറ്റാരോപിതനായിരുന്നെങ്കിലും കോടതി കുറ്റവിമുക്തനാക്കിയതാണെന്ന് ശ്രീയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, രാജ് കുന്ദ്രയ്ക്കുനേരെ ഉയര്‍ന്ന വാതുവയ്പ് ആരോപണത്തില്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയതെന്നും ഇവര്‍ വിമര്‍ശിക്കുന്നു.

അതിനിടെ, കുന്ദ്രയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരിയും രംഗത്തെത്തി. ‘ശ്രീശാന്തിന് നല്‍കാനുള്ള പ്രതിഫലം പോലും കൊടുത്തുതീര്‍ക്കാത്ത വ്യക്തിയാണ് ഇയാള്‍. വാതുവയ്പിന് കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടും ഇവിടെ കമന്റ് ചെയ്യാന്‍ ഇയാള്‍ കാണിച്ച തന്റേടമാണ് ‘എപ്പിക്’. വാതുവയ്പു വിവാദത്തില്‍ ശ്രീ കുറ്റക്കാരനല്ലെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടുള്ളതാണ്’ – ഭുവനേശ്വരി കുറിച്ചു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു കളിക്കുന്നതിനിടെ 2013ലാണ് ശ്രീശാന്ത് ഉള്‍പ്പെടെയ ഏതാനും താരങ്ങള്‍ വാതുവയ്പു വിവാദത്തില്‍പ്പെടുന്നത്. ഇതോടെ ശ്രീശാന്തുമായുള്ള കരാര്‍ രാജസ്ഥാന്‍ റദ്ദാക്കിയിരുന്നു. 2015ല്‍ ശ്രീശാന്തിനും സഹതാരങ്ങള്‍ക്കുമെതിരായ ആരോപണങ്ങളില്‍ മതിയായ തെളിവില്ലെന്ന കാരണത്താല്‍ ഡല്‍ഹി ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം, വാതുവയ്പു വിവാദത്തില്‍ ബിസിസിഐ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്കു തുടരുകയാണ്. ഇതിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്.