കള്ളപ്പണത്തിന്റെ കണക്ക് നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

single-img
26 November 2018

ന്യൂഡല്‍ഹി: വിദേശത്തുനിന്ന് തിരികെയെത്തിയ കള്ളപ്പണത്തിന്റെ കണക്ക് നല്‍കാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വീണ്ടും വ്യക്തമാക്കി. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനും വിവരാവകാശപ്രവര്‍ത്തകനുമായ സഞ്ജീവ് ചതുര്‍വേദിയാണ് കള്ളപ്പണത്തിന്റെ വിവരങ്ങള്‍ തേടിയത്.

2014 ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ സര്‍ക്കാര്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്ന കള്ളപ്പണത്തിന്റെ കണക്ക് അറിയണമെന്നായിരുന്നു ആവശ്യം. വിവരാവാകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല അപേക്ഷയെന്ന് ചൂണ്ടിക്കാട്ടി ആദ്യവട്ടം പ്രധാനമന്ത്രിയുടെ ഓഫീസ് അപേക്ഷ തള്ളി.

തുടര്‍ന്നാണ്, ചതുര്‍വേദി കേന്ദ്രവിവരാവകാശ കമ്മിഷനെ സമീപിച്ചത്. കള്ളപ്പണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും 15 ദിവസത്തിനകം സഞ്ജീവിന് നല്‍കണമെന്ന് ഒക്ടോബര്‍ 16ന് മുഖ്യ വിവരാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ പ്രത്യേക അന്വേഷണസംഘം കള്ളപ്പണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും ഈ അവസരത്തില്‍ വിവരം തരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പി.എം.ഒ ചതുര്‍വേദിക്കുള്ള മറുപടിയില്‍ വ്യക്തമാക്കി.