മന്ത്രി സ്ഥാനത്തുനിന്നും മാത്യു ടി തോമസ് രാജിവച്ചു

single-img
26 November 2018

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് രാജിവെച്ചു. ക്ലിഫ് ഹൌസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം രാജിക്കത്ത് കൈമാറി. പൂര്‍ണസംതൃപ്തനല്ലെങ്കിലും ഭരണ കാലയളവിനുള്ളില്‍ നല്ല കാര്യങ്ങള്‍ ചെയ്യാനായെന്ന് മാത്യു ടി തോമസ് പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജി നിരുപാധികമാണെന്നും പാര്‍ട്ടി പിളരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയുക്തമന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. അദ്ദേഹത്തില്‍നിന്ന് മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും മാത്യു ടി തോമസ് പറഞ്ഞു. വലതുപക്ഷത്തേക്ക് പോകില്ല. ഇടതുപക്ഷത്തിനൊപ്പമാണ് സോഷ്യലിസ്റ്റ് ആശയമുള്ളവരുടെ സ്വാഭാവിക സ്ഥാനം. ആറുകൊല്ലം പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. സ്ഥാനമാനങ്ങളോടു ഭ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞ നാളെ ഉണ്ടാകുമെന്നാണ് സൂചന. ജനതാദള്‍ എസ് കേന്ദ്രനേതൃത്വ തീരുമാനപ്രകാരം കെ.കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ദേവഗൌഡ നല്‍കിയ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് സി.കെ നാണു എം.എല്‍.എ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.

നാളെ വൈകിട്ടോടെ രാജ് ഭവനില്‍ വച്ച് സത്യപ്രതിജ്ഞ നടത്തുന്നതിനെ കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാവിലെ നിയമസഭ ചേരുമെങ്കിലും ചരമോപചാരം അര്‍പ്പിച്ച് പിരിയും ഇത് കൂടി പരിഗണിച്ചാണ് വൈകിട്ട് സത്യപ്രതിജ്ഞ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.