കെ.എം. ഷാജി നിയമസഭാംഗമല്ലാതായി; നിയമസഭാ സെക്രട്ടറി ഉത്തരവിറക്കി

single-img
26 November 2018

തിരുവന്തപുരം: കെഎം ഷാജി നിയമസഭാംഗം അല്ലാതായെന്ന് വ്യക്തമാക്കി നിയമസഭാ സെക്രട്ടറിയുടെ അറിയിപ്പ്. 24ാം തീയതിയാണ് അറിയിപ്പ് പുറത്തിറക്കിയത്. ഹൈക്കോടതി വിധിക്കുള്ള സ്റ്റേ അവസാനിച്ചതിനാലും സുപ്രീം കോടതി സ്റ്റേ നീട്ടാത്തതിനാലും ഷാജി നിയമാസഭാംഗം അല്ലാതായെന്നു അറിയിപ്പില്‍ പറയുന്നു.

ഷാജിയുടെ അപ്പീല്‍ ഇന്നും കോടതിയുടെ പരിഗണനക്ക് എത്തിയില്ല. ഇതോടെ നാളെ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഷാജിക്ക് കഴിയില്ല. കേസ് നാളെ കോടതിയുടെ പരിഗണക്കായി ലിസ്റ്റ് ചെയ്യിക്കാനാണ് അഭിഭാഷകരുടെ ശ്രമം.

ഷാജിക്ക് എംഎല്‍എയായി നിയമസഭയില്‍ എത്തുന്നതിന് തടസമില്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. ഷാജിയുടെ അപ്പീല്‍ അടിയന്തരമായി പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

കോടതിയുടെ വാക്കാല്‍ പരാമര്‍ശം കൊണ്ട് ഷാജിക്ക് നിയമസഭയില്‍ എത്താന്‍ സാധിക്കില്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭാ സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എംവി.നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.