മദ്യപിച്ച് വാഹനം ഓടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി; ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍

single-img
26 November 2018

മദ്യലഹരിയില്‍ യുവതി ഓടിച്ച കാറിടിച്ച് യുവാവ് കൊല്ലപ്പെട്ടു. സംഭവത്തില്‍ കൊല്‍ക്കത്തയില്‍ ഫാഷന്‍ ഡിസൈനറായ അതിഥി അഗര്‍വാള്‍ അറസ്റ്റിലായി. കൊല്‍ക്കത്തയില്‍ ഇന്നലെ ഈസ്റ്റേണ്‍ മെട്രോപൊളിറ്റന്‍ ബൈപാസിലായിരുന്നു അപകടം. യുവതിയുടെ കാര്‍ ട്രാഫിക് സിഗ്‌നല്‍ തെറ്റിച്ചാണ് ഓടിയതെന്നു പൊലീസ് പറഞ്ഞു.

ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെ അമിതവേഗത്തിലെത്തിയ കാറിടിക്കുകയായിരുന്നെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ലെതര്‍ കോംപ്‌ളക്‌സിലെ ജീവനക്കാരനാണ് ഇയാള്‍. ഇയാളുടെ കുടുംബത്തെ പൊലീസിനു ഇതുവരെ കണ്ടെത്താനായിട്ടില്ല.

നിര്‍ത്താതെ പോയ കാര്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിനു മുന്നില്‍ നിന്നാണ് കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കാര്‍ തിരിച്ചറിഞ്ഞത്. യുവതിയെ ഇവിടെ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. കൂടിയ അളവില്‍ മദ്യം കഴിച്ചതായി വൈദ്യപരിശോധനയില്‍ ബോധ്യപ്പെട്ടു.

പാര്‍ക്ക് സ്ട്രീറ്റ് ഭാഗത്തെ പബ്ബില്‍ നിന്നും വരികയായിരുന്ന അദിതി സുഹൃത്തുക്കളെ ഇറക്കിയ ശേഷം വീട്ടിലേക്ക് പോകും വഴിയാണ് അപകടം. അപകടം നടക്കുമ്പോള്‍ കാര്‍ അമിത വേഗതയിലാരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. രക്ത പരിശോധനയില്‍ യുവതി അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി.