കണ്ണൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ മലപ്പുറത്തെ ടൂറിസ്റ്റ് ഹോമില്‍നിന്ന് പിടികൂടി

single-img
25 November 2018

ആറുദിവസം മുമ്പ് പാനൂരില്‍ നിന്ന് കാണാതായ ഉറ്റ സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികളെ മലപ്പുറം തിരൂരില്‍ നിന്ന് പൊലീസ് കണ്ടെത്തി. പാനൂര്‍ കുന്നോത്തുപറമ്പില്‍ കറിയാവുള്ളതില്‍ ചാലില്‍ സയന(19)യെയും പൊയിലൂരില്‍ വട്ടപ്പൊയില്‍ മേല്‍ ദൃശ്യ(19)യെയുമാണ് തിരൂര്‍ പൊലീസ് സ്റ്റേഷന്റെ സമീപത്തുള്ള ടൂറിസ്റ്റ് ഹോമില്‍നിന്ന് കണ്ടെത്തിയത്.

പാനൂര്‍ സിഐ വിവി ബെന്നിക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തും തിരൂരും അന്വേഷക സംഘത്തെ നിയോഗിക്കുകയായിരുന്നു. 19ന് വീടുവിട്ടിറങ്ങിയത് മുതല്‍ ഇവര്‍ തിരൂരിലെത്തി മൂന്ന് ടൂറിസ്റ്റ് ഹോമുകളിലായി മാറിമാറി താമസിക്കുകയായിരുന്നു.

പിഎസ്‌സി പരീക്ഷ എഴുതാന്‍ എത്തിയതാണെന്ന് പറഞ്ഞ് ഹോട്ടല്‍ ഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് മുറി എടുത്തെതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ശനിയാഴ്ച തിരൂരില്‍നിന്ന് താനൂരിലെക്കുപോയ ഇവര്‍ അവിടെ മുറി കിട്ടാത്തതിനെ തുടര്‍ന്നു വീണ്ടും തിരൂരിലെക്കു തിരിച്ചുവരികയായിരുന്നു.

വൈകിട്ട് അഞ്ചോടെ തിരൂര്‍ ടൂറിസ്റ്റ് ഹോമില്‍ എത്തിയ ഇവര്‍ക്ക് മുറി തരപ്പെടുത്തി കൊടുത്ത ശേഷം ഇവരെ തിരിച്ചറിഞ്ഞ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരമറിയിച്ചു. തിരൂര്‍ പൊലീസിന്റെ സഹായത്തോടെ പാനൂര്‍ സിഐ ബെന്നിയുടെ സംഘത്തിലുള്ള എസംഘമാണ് തന്ത്രപൂര്‍വം ഇവരെ വലയിലാക്കിയത്.

ഞങ്ങള്‍ വേര്‍പിരിയാന്‍ സാധിക്കാത്ത സുഹൃത്തുക്കളെന്നല്ലാതെ മറ്റൊന്നും പറയാന്‍ ഇവര്‍ തയ്യാറാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഇരുവരും പാനൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ഥിനികളാണ്. കുട്ടിക്കാലം മുതലെ വേര്‍പിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കളും പറയുന്നു.

ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താന്‍ തീരുമാനിച്ചതിനുശേഷമാണ് ഇവരെ കാണാതാവുന്നത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് പാനൂരില്‍നിന്നും പൊലിസിനോടൊപ്പം ബന്ധുക്കളും തിരൂരിലേക്ക് തിരിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഞായറാഴ്ച തലശേരി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കും