റിലീസിനു മുമ്പേ യന്തിരന്‍ 2 വാരിയത് 490 കോടി രൂപ

single-img
25 November 2018

രജനികാന്തിന്റെ 2.0നായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍. പ്രി റിലീസ് ബിസിനസ്സില്‍ ബാഹുബലി 2 വിന്റെ റെക്കോര്‍ഡുകള്‍ ഭേദിക്കുച്ചുകൊണ്ടാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം മുന്നേറുന്നത്. 543 കോടി മുടക്കി നിര്‍മിച്ച ചിത്രം ഇതിനോടകം 490 കോടി രൂപ നേടിക്കഴിഞ്ഞുവെന്നാണ് ദേശീയമാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം 120 കോടി രൂപ ചിത്രം സ്വന്തമാക്കിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് രാമേഷ് ബാല ട്വീറ്റ് ചെയ്തു. ഡിജിറ്റല്‍, സാറ്റലൈറ് അവകാശങ്ങള്‍ വിറ്റയിനത്തില്‍ മാത്രം ചിത്രം നേടിയിരിക്കുന്നത് ഭീമന്‍ തുകകളാണ്. മുടക്കുമുതലിന്റെ പകുതി ഇതിനോടകം തിരികെ നേടി കഴിഞ്ഞു.

തെലങ്കാന/ആന്ധ്രാ പ്രദേശ്, കേരളം, കര്‍ണാടക, വടക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വിതരണാവകാശം വിറ്റെങ്കിലും, തമിഴ്‌നാട്ടിലെയും, വിദേശത്തെയും വിതരണാവകാശം നിര്‍മാതാക്കളായ ലൈക്ക നിലനിര്‍ത്തുകയായിരുന്നു. ഇവിടങ്ങളിലെ ഉയര്‍ന്ന വാണിജ്യമൂല്യം കണക്കിലെടുത്താണിതെന്നു ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഉയര്‍ന്ന തുകയാണിത്.

29ന് റിലീസ് ചെയ്യുന്ന ചിത്രം ലോകമെമ്പാടുമായി 10000 സ്‌ക്രീനുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഇതോടെ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന തമിഴ് സിനിമയെന്ന റെക്കോര്‍ഡും 2.0 സ്വന്തമാക്കും. മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോയില്‍ പറയുന്നത്.

ഇതില്‍ 1000 വിഎഫ്എക്‌സ് ആര്‍ടിസ്റ്റുകളും ഉള്‍പ്പെടും. എമി ജാക്‌സണാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അക്ഷയ് കുമാര്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. എ ആര്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 29 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.