സോഷ്യല്‍മീഡിയയില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിന്റെ ഔദ്യോഗിക പ്രൊഫൈലുകള്‍ അപ്രത്യക്ഷമായി

single-img
23 November 2018

സോഷ്യല്‍ മീഡിയയില്‍ നിന്ന് വീണ്ടും ബ്രേക്കെടുത്ത് നടി പാര്‍വതി തിരുവോത്ത്. പാര്‍വതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എല്ലാം തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമിലോ, ഫെയ്‌സ്ബുക്കിലോ, ട്വിറ്ററിലോ പാര്‍വതിയുടെ ഔദ്യോഗിക പ്രൊഫൈലുകള്‍ ഇപ്പോളില്ല. എന്നാലിതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല.

കഴിഞ്ഞ ഓഗസ്റ്റിലും സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്കെടുക്കുന്നതായി പാര്‍വതിയറിയിച്ചിരുന്നു. എന്നാല്‍ പ്രളയത്തെത്തുടര്‍ന്ന് പാര്‍വതി വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയായിരുന്നു. ‘ഈ നിരന്തര സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി.

ഡിഎം വഴി സന്ദേശങ്ങള്‍ അയക്കുന്നവരുടെ സപ്പോര്‍ട്ട് എത്ര വിലപ്പെട്ടതാണ് എന്ന് പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. വളരെ അത്യാവശ്യം എന്ന് കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാന്‍ പോവുകയാണ് ഞാന്‍. സ്‌നേഹം പങ്കു വയ്ക്കാന്‍ വൈകാതെ മടങ്ങിയെത്തും’ എന്ന് പാര്‍വ്വതി കഴിഞ്ഞ ഓഗസ്റ്റില്‍ പറഞ്ഞിരുന്നു.

പാര്‍വതി അന്നു പറഞ്ഞ ബ്രേക്ക് ആയിരിക്കും ഇതെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്ത് നിന്ന ഒരു വിശദീകരണവും വന്നിട്ടില്ല. അതേസമയം ബോബി സഞ്ജയ് തിരക്കഥയൊരുക്കി നവാഗത സംവിധായകന്‍ മനു സംവിധാനം ചെയ്യുന്ന ഉയരെ എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.