ശബരിമലയില്‍ നടക്കുന്നത് ചിലരുടെ സ്വകാര്യ താല്‍പര്യങ്ങള്‍; കണ്ണുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് ഹൈക്കോടതി: ഡി.ജി.പി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ വൈകിയതില്‍ കോടതിക്ക് അതൃപ്തി

single-img
23 November 2018

കൊച്ചി: ശബരിമലയില്‍ നടന്നുകൊണ്ടിരിക്കുന്നത് ചിലരുടെ സ്വകാര്യ താല്‍പര്യങ്ങളാണെന്ന് ഹൈക്കോടതി. അത്തരം രീതികള്‍ക്ക് മുന്നില്‍ കണ്ണും കെട്ടി നോക്കിനില്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ശയന പ്രദക്ഷിണം നടത്താന്‍ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.

ശബരിമലയില്‍ പോലീസ് പ്രകോപനങ്ങളുണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കില്ലെന്നും എന്നാല്‍ നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.

ചിത്തിര ആട്ടവിശേഷത്തിന് പ്രശ്‌നങ്ങളുണ്ടാക്കിയവര്‍ മണ്ഡലകാലത്ത് വീണ്ടും എത്തിയെന്നും കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്നതിനാവശ്യമായ സി.സി.ടി.വി. ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ശബരിമലയിലെ പോലീസ് നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലീസിനോടും സര്‍ക്കാരിനോടും ദേവസ്വംബോര്‍ഡിനോടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ സത്യവാങ്മൂലങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ശബരിമലയില്‍ എത്രയും പെട്ടെന്ന് സമാധാനാന്തരീക്ഷം തിരികെ കൊണ്ടു വരണമെന്ന് നിര്‍ദ്ദേശിച്ച കോടതി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.

സര്‍ക്കാര്‍ സത്യവാങ്മൂലം വൈകിയതിലെ അതൃപ്തിയും ഹൈക്കോടതി മറച്ചുവച്ചില്ല. പതിനൊന്നാം മണിക്കൂറില്‍ സമര്‍പ്പിച്ചാല്‍ എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ചു. ഇന്ന് പരിഗണിക്കണമെങ്കില്‍ ഇന്നലെ സമര്‍പ്പിക്കേണ്ടതായിരുന്നുവെന്നും കോടതി പരിഹസിച്ചു. എന്നാല്‍ രേഖകള്‍ എടുക്കുന്നതിലുണ്ടായ കാലതാമസത്തിന് കാരണമായതെന്ന് എജി വ്യക്തമാക്കി.