അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മന്ത്രി മാത്യു ടി.തോമസ് പുറത്തേക്ക്; കെ.കൃഷ്ണന്‍കുട്ടി പിണറായി മന്ത്രിസഭയിലേക്ക്

single-img
23 November 2018

ചിറ്റൂര്‍ എം.എല്‍.എ കെ.കൃഷ്ണന്‍ കുട്ടിയെ മന്ത്രിയാക്കാന്‍ ജെ.ഡി.എസില്‍ ധാരണ. മാത്യു ടി തോമസിന് പകരക്കാരനായാവും കൃഷ്ണന്‍ കുട്ടി മന്ത്രിസഭയിലെത്തുകയെന്ന് ദശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ എസ് സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവെഗൗഡയുമായി നടത്തിയ ചര്‍ച്ചയിലാണു തീരുമാനം.

കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണു ദേവെഗൗഡയുമായി ബെംഗളൂരുവില്‍ ചര്‍ച്ച നടത്തിയത്. ഡാനിഷ് അലിയും പങ്കെടുത്തു. മാത്യു ടി.തോമസിനെ മന്ത്രിസഭയില്‍നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ജെഡിഎസ് ഇടതുമുന്നണിക്കു കത്ത് നല്‍കും. രണ്ടരവര്‍ഷം കഴിഞ്ഞ് മന്ത്രിപദം പങ്കുവയ്ക്കാം എന്ന് ധാരണയുണ്ടായിരുന്നുവെന്ന് നേതൃത്വം വിശദീകരിച്ചു. തീരുമാനം മാത്യു ടി.തോമസ് അംഗീകരിച്ചെന്ന് ജെഡിഎസ് സെക്രട്ടറി ജനറല്‍ ഡാനിഷ് അലി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ദേവഗൗഡയുടെ അംഗീകാരത്തോടെ, ജെ.ഡി.എസിന്റെ കേരളഘടകത്തില്‍ നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന വിഷയത്തിന് ഇതോടെ പരിഹാരമായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിനു മുമ്പേ കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്‌തേക്കും. മാത്യു ടി. തോമസിനെയും ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും അദ്ദേഹം ബെംഗളൂരുവിലെത്തിയില്ല. പരസ്യമായി പ്രതിഷേധിക്കരുതെന്ന് മാത്യു ടി.തോമസിനോട് നേതൃത്വം അഭ്യര്‍ഥിച്ചിട്ടുണ്ട്.

തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്തുണ്ടായ ചില ആരോപണങ്ങള്‍ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നെന്ന ആരോപണം മാത്യു ടി.തോമസ് ഉന്നയിച്ചിരുന്നു. മന്ത്രിവസതിയിലെ ഒരു മുന്‍ജീവനക്കാരിയെ ഇതിനായി എതിര്‍ചേരി ആയുധമാക്കിയെന്ന പരാതി അദ്ദേഹം കേന്ദ്രനേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു. ഇതു സംബന്ധിച്ച കേസ് കോടതിയിലാണ്.

നേരത്ത, മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കം രൂക്ഷമായപ്പോള്‍ മൂന്നാഴ്ച മുമ്പും ജനതാദളിന്റെ (എസ്) 3 എംഎല്‍എമാരോടും ബെംഗളൂരുവിലെത്തി തന്നെ കാണാന്‍ ദേവെഗൗഡ ആവശ്യപ്പെട്ടിരുന്നു. ങ്കെടുക്കാന്‍ തയാറല്ലെന്നു മാത്യു ടി. തോമസ് അന്നും അറിയിച്ചതോടെ ആ ചര്‍ച്ച വിജയിച്ചില്ല. അതേസമയം മാത്യു ടി.തോമസിന്റെ അസാന്നിധ്യത്തില്‍ ഏകപക്ഷീയമായി എടുത്ത തീരുമാനം പാര്‍ട്ടിയെ പിളര്‍പ്പിലേക്കു നയിക്കുമെന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.