സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ളനോട്ട് വ്യാപകമാകുന്നു; ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ്

single-img
23 November 2018

സംസ്ഥാനത്ത് രണ്ടായിരത്തിന്റെ കള്ളനോട്ട് നല്‍കി തട്ടിപ്പ് വ്യാപകമെന്ന് റിപ്പോര്‍ട്ടുകള്‍. തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും സാധാരണക്കാരാണ് എന്നതാണ് ശ്രദ്ധേയം. ഹെല്‍മെറ്റ് ധരിച്ചാണ് തട്ടിപ്പുകാര്‍ എത്തുന്നതെന്ന് കച്ചവടക്കാര്‍ പറയുന്നു. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് ചിത്താരിയിലാണ് ഏറ്റവും ഒടുവില്‍ തട്ടിപ്പ് നടന്നത്.

മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ബേക്കലിലെ ഉമ്പിച്ചിയാണ് തട്ടിപ്പിന് ഇരയായത്. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് 200 രൂപയുടെ മത്സ്യം വാങ്ങിയ ശേഷം രണ്ടായിരത്തിന്റെ കള്ള നോട്ട് നല്‍കുകയായിരുന്നു. മീനിന്റെ തുക കഴിച്ച് ബാക്കി 1800 രൂപ ഇവര്‍ തിരിച്ചു നല്‍കുകയും ചെയ്തു.

പിന്നീട് ഏജന്റിന് കൊടുക്കുമ്പോഴാണ് കയ്യില്‍ കിട്ടയത് 2000 രൂപ നോട്ടാണെന്ന് അറിഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് മാണിക്കോത്തെ ലോട്ടറി വില്‍പ്പനക്കാരനും ഇതേ രീതിയില്‍ പറ്റിക്കപ്പെട്ടിരുന്നു. ആളെ തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചാണ് എത്തുന്ന ഇവര്‍ സാധാരണക്കാരന്റെ അറിവില്ലായ്മയെയാണ് മുതലെടുക്കുന്നത്. ഇത്തരത്തില്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.