ഏകതാ പ്രതിമയെക്കാള്‍ ഉയരമുള്ള നിയമസഭാ മന്ദിരം നിര്‍മിക്കാനുള്ള നീക്കത്തില്‍ ചന്ദ്രബാബു നായിഡു

single-img
23 November 2018

ബിജെപി വിരുദ്ധ സഖ്യത്തിനു ചുക്കാന്‍ പിടിക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഗുജറാത്തിലെ ഏകതാ പ്രതിമയെയും മറികടക്കാന്‍ ഒരുങ്ങുന്നു. നര്‍മദാ തീരത്തു സ്ഥാപിച്ചിരിക്കുന്ന 182 മീറ്റര്‍ ഉയരമുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കടത്തിവെട്ടുന്ന നിയമസഭാ മന്ദിരം നിര്‍മിക്കാനുള്ള നീക്കത്തിലാണ് നായിഡു.

മൂന്നുനിലകളിലായി നിര്‍മിക്കുന്ന സഭാമന്ദിരത്തോട് ചേര്‍ന്ന് 250 മീറ്റര്‍ ഉയരത്തില്‍ പിരിയന്‍ ഗോവണിയും ടവറും നിര്‍മ്മിക്കാനാണ് പദ്ധതി. സര്‍ദാര്‍ പട്ടേലിന്റെ ഏകതാപ്രതിമയേക്കാള്‍ 68 മീറ്റര്‍ ഉയരം അസംബഌ മന്ദിരത്തിന് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.

ബ്രിട്ടനില്‍ നിന്നുള്ള ശില്‍പികളായിരിക്കും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. കെട്ടിടത്തിന്റെ രൂപരേഖ ഇതിനോടകം തയ്യാറായിക്കഴിഞ്ഞു. നിര്‍മാണം പൂര്‍ത്തിയായാല്‍ രാജ്യത്തെ ഏറ്റവും വലിയ കെട്ടിടമാകും ഇത്. കമഴ്ത്തിവച്ച ലില്ലിപ്പൂവിന്റെ ആകൃതിയിലാണു മന്ദിരം നിര്‍മിക്കുന്നത്. ഈ മാസം അവസാനത്തോടെ ടെന്‍ഡര്‍ വിളിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ മന്ദിരത്തിന് 80 മീറ്റര്‍ ഉയരത്തില്‍ 300 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ഗാലറിയും 250 മീറ്റര്‍ ഉയരത്തില്‍ 20 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മറ്റൊരു ഗാലറിയും ഉണ്ടാകും. ഇവിടെ നിന്നാല്‍ അമരാവതി നഗരത്തിന്റെ മനോഹരദൃശ്യം മുഴുവനായി കാണാം.

രണ്ടാം ഗാലറി പൂര്‍ണമായി ചില്ലു കൊണ്ടാവും നിര്‍മിക്കുക. ചുഴലിക്കാറ്റിനെയും ഭൂചലനത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന തരത്തിലാണ് മന്ദിരത്തിന്റെ നിര്‍മാണമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു. സെക്രട്ടേറിയറ്റിനുള്ള അഞ്ചു കെട്ടിടങ്ങളുടെ രൂപരേഖയും മുഖ്യമന്ത്രി അംഗീകരിച്ചു കഴിഞ്ഞു.

ഗുജറാത്തിലെ ഏകതാപ്രതിമ രാജ്യമെമ്പാടും ചര്‍ച്ചയായിക്കൊണ്ടിരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തിയത്. മുംബൈ തീരത്ത് ഛത്രപതി ശിവജിയുടെ കൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ മഹാരാഷ്ട്ര തീരുമാനമെടുത്തുകഴിഞ്ഞതാണ്.

ഉത്തര്‍പ്രദേശ് ലക്ഷ്യമിട്ടിരിക്കുന്നത് ശ്രീരാമന്റെ പ്രതിമ നിര്‍മ്മിക്കാനാണ്. ഇവയെല്ലാം ഏകതാപ്രതിമയെക്കാള്‍ ഉയരത്തില്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശ്യം. കര്‍ണാടക തീരുമാനിച്ചിരിക്കുന്നത് 125 മീറ്റര്‍ ഉയരത്തില്‍ കാവേരി പ്രതിമ നിര്‍മിക്കാനാണ്.