ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ് സമ്പന്നന്‍ 3 വയസ്സുകാരന്‍ കൊച്ചുമകന്‍

single-img
22 November 2018

ഹൈദരാബാദ്: ഇന്ത്യന്‍ മുഖ്യമന്ത്രിമാരില്‍ ഏറ്റവും ധനികനായ വ്യക്തി ആന്ധ്രാ മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണ്. സുതാര്യത ഉറപ്പുവരുത്താന്‍ കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ വര്‍ഷവും തന്റെ ആസ്തി അടക്കമുള്ള സാമ്പത്തിക വിവരങ്ങള്‍ നായിഡു പുറത്തുവിടാറുണ്ട്.

ഇത്തവണയും ഈ പതിവ് തെറ്റിച്ചില്ല. 12.5 കോടി രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷം നായിഡുവിന്റെ കുടുംബ ആസ്തിയിലുണ്ടായിട്ടുള്ള വര്‍ദ്ധനയെന്ന് മകനും നായിഡു മന്ത്രിസഭയിലെ വിവരസാങ്കേതിക മന്ത്രിയുമായ നര ലോകേഷ് വെളിപ്പെടുത്തി.

എന്നാല്‍ ചന്ദ്രബാബു നായിഡുവിനേക്കാള്‍ ആറു മടങ്ങ് സമ്പന്നന്‍ മൂന്ന് വയസ് പ്രായമുള്ള അദ്ദേഹത്തിന്റെ കൊച്ചുമകന്‍ ദേവാന്‍ഷ് ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദേവാന്‍ഷിന്റെ പേരില്‍ 18.71 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 11.54കോടി രൂപയായിരുന്നു എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ കുടുംബ സ്വത്ത് 69.23 കോടി രൂപയില്‍നിന്ന് 81.83 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 18.18 ശതമാനം വളര്‍ച്ചയില്‍ ചന്ദ്രബാബു നായിഡുവിന്റെ സമ്പാദ്യം 2.53 കോടിയില്‍നിന്ന് 2.99 കോടി രൂപയായി ഉയര്‍ന്നു. ലോകേഷിന്റെ പേരില്‍ 21.40 കോടി രൂപയുടെ സ്വത്തുക്കളും നായിഡുവിന്റെ ഭാര്യ ഭുവനേശ്വരിയുടെ പേരില്‍ 31.01 കോടി രൂപയുടെ സ്വത്തുക്കളുമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇവ യഥാക്രമം 15.21 കോടി. 25.41 കോടി എന്നിങ്ങനെയായിരുന്നു.