ദീപിക-രണ്‍വീര്‍ വിവാഹം വിവാദത്തില്‍

single-img
20 November 2018

നവംബര്‍ 15ന് നടന്ന സിഖ് വിവാഹച്ചടങ്ങുകളുടെ പേരില്‍ വിവാദത്തിലായിരിക്കുകയാണ് രണ്‍വീര്‍-ദീപിക ദമ്പതികൾ. സിഖ് മതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരേയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തു വന്നിരിക്കുന്നത്. ഇറ്റലിയില്‍ ഒരുക്കിയ വിവാഹവേദിയില്‍ താത്കാലികമായി ഗുരുദ്വാര പണിതുവെന്നാണ് ദീപികയ്ക്കും രണ്‍വീറുമെതിരെയുള്ള പ്രധാന ആരോപണം. സിഖ് മതാചാരപ്രകാരം ഗുരു ഗ്രന്ഥ സാഹിബ് ഗുരുദ്വാരയില്‍ നിന്നും പുറത്തെടുക്കാന്‍ അനുവാദമില്ല. ഇതുവഴി രണ്‍വീറും ദീപികയും സിഖ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് ആരോപണം.

ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ച് നവംബര്‍-14, 15 തിയ്യതികളിലായിരുന്നു രണ്‍വീര്‍-ദീപിക വിവാഹം. ദീപികയുടെയും രണ്‍വീറിന്റെയും മതാചാര പ്രകാരം കൊങ്ങിണി-സിഖ് ആചാരരീതികളിലായിരുന്നു വിവാഹച്ചടങ്ങുകള്‍.

മുന്‍പ് ബോളിവുഡ് നടി സോനം കപൂറിന്റെയും ആനന്ദ് അഹൂജയുടേയും വിവാഹത്തിനെതിരേയും സിഖ് സമൂഹം രംഗത്ത് വന്നിരുന്നു. വിവിധ ഗുരുദ്വാരകളുടെ ഭരണച്ചുമതലയുള്ള ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്.ജി.പി.സി) ആണ് വിവാഹച്ചടങ്ങില്‍ സംബന്ധിച്ച കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ ആരോപണങ്ങളുമായി വന്നത്. വിവാഹ സമയത്ത് ആനന്ദ് തലപ്പാവില്‍ അണിഞ്ഞിരുന്ന പതക്കം അഴിച്ചു മാറ്റിയില്ലെന്നാണ് പ്രധാന ആരോപണം.