ശബരിമലയില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി യുഡിഎഫ്; ഉമ്മന്‍ചാണ്ടിയും സംഘവും നാളെ മല കയറും: ശബരിമലയില്‍ അറസ്റ്റിലായ 69 പേര്‍ റിമാന്‍ഡില്‍

single-img
19 November 2018

ശബരിമലയിലെ നിരോധനാജ്ഞ ലംഘിക്കാന്‍ യുഡിഎഫ് ഏകോപന സമിതി തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ നിരോധനാജ്ഞ ലംഘിച്ചു ചൊവ്വാഴ്ച ശബരിമലയില്‍ പ്രവേശിക്കാനാണു തീരുമാനം.

ചൊവ്വാഴ്ച രാവിലെ 9 നു പത്തനംതിട്ട ടിബിയില്‍ സംഗമിച്ചശേഷം അവിടെ നിന്നു യുഡിഎഫ് സംഘം ശബരിമലയിലേക്കു പോകുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. ഭക്തര്‍ക്ക് അയ്യപ്പ ദര്‍ശനം നടത്താനുള്ള സ്വാതന്ത്ര്യം വിലക്കുന്ന സര്‍ക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നീതികേടിനു നേതൃത്വം നല്‍കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

നിരോധനാജ്ഞ പിന്‍വലിക്കണം. ഹൈക്കോടതിയുടെ വിമര്‍ശനം സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കണം. പൊലീസിനെ ഭയന്നു തീര്‍ഥാടകര്‍ ശബരിമലയിലേക്കു വരാന്‍ ഭയക്കുന്ന സ്ഥിതിയാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോടെയാണു പൊലീസിന്റെ തേര്‍വാഴ്ച. ഇത്രയും പിടിപ്പുകെട്ട ആഭ്യന്തര മന്ത്രി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പ്രളയത്തിനു ശേഷം നിലയ്ക്കലും പമ്പയിലും എരുമേലിയിലുമൊക്കെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ, ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയതിന് പോലീസ് അറസ്റ്റ് ചെയ്തതില്‍ 69 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പത്തനംതിട്ട മുന്‍സിഫ് കോടതിയാണ് ഇവരെ റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായവര്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഈ മാസം 21നായിരിക്കും ജാമ്യഹര്‍ജി കോടതി പരിഗണിക്കുക.