അയ്യപ്പഭക്തന്മാര്‍ വരുന്നത് പ്രാര്‍ത്ഥിക്കാനല്ലേ; പിന്നെ എന്തിനാണ് അറസ്റ്റ്?; പൊലീസിനെതിരെ കണ്ണന്താനം

single-img
19 November 2018

കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമലയില്‍ സന്ദര്‍ശനത്തിനായി എത്തി. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായാണ് താന്‍ എത്തിയതെന്ന് കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മാസം മുമ്പ് പ്രളയത്തിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇവിടെ വന്നിരുന്നു.

അന്ന് പമ്പയുടെ സ്ഥിതി ദയനീയമായിരുന്നു. അതില്‍ നിന്ന് ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന് കണ്ണന്താനം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ ശബരിമലയുടെ വികസനത്തിനായി 100 കോടി അനുവദിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ ഒരുക്കിയിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.

അയ്യപ്പ ഭക്തര്‍ തീവ്രവാദികളല്ല. പോലീസ് എന്തുകൊണ്ട് കഴിഞ്ഞ ദിവസം ഇത്തരത്തില്‍ പെരുമാറിയെന്ന് പരിശോധിക്കണം. കേരളം പോലീസ് ഭരണത്തിനു കീഴിലാണെന്ന പ്രതീതിയാണുള്ളത്. ഭക്തര്‍ നാമജപം നടത്തിയാണ് പ്രതിഷേധിക്കുന്നത്. അവരെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യത്തില്‍ നടക്കാന്‍ പാടുള്ള കാര്യങ്ങളല്ല. ശബരിമലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണം സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു. അതുമൂലം ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ആയിരക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടപ്പെട്ടു. ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച കേസ് കോടതിയുടെ മുന്‍പിലാണുള്ളത്. അതില്‍ കോടതി തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.