‘ഗജ’ ചുഴലിക്കാറ്റിന് പിന്നാലെ ‘പെയ്തി’ വരുന്നു ; കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മുന്നറിയിപ്പ്

single-img
18 November 2018

തിരുവനന്തപുരം: ഗജ ചുഴലിക്കാറ്റിന്റെ പിന്തുടര്‍ച്ചയായി ലക്ഷദ്വീപ് കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപമെടുക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . അടുത്ത 10 മണിക്കൂറിനുള്ളില്‍ ഇത് ചുഴലിയുടെ രൂപമാര്‍ജിക്കുമെന്നാണ് ന്യൂഡല്‍ഹി കാലാവസ്ഥാ കേന്ദ്രത്തിലെ സൈക്ലോണ്‍ വാണിങ് സെന്റര്‍ നല്‍കുന്ന സൂചന.

ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കടലില്‍ പോയിട്ടുള്ള മല്‍സ്യത്തൊഴിലാളികളെ കരയിലേക്കു കയറ്റണമെന്ന് കാലാവസ്ഥാ കേന്ദ്രം അടിയന്തര മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കനത്ത മഴയും കാറ്റും അനുഭവപ്പെടും. ദ്വീപും കടന്ന് ചുഴലി പടിഞ്ഞാറേക്കു പോയി ഒമാന്‍ തീരത്ത് എത്താനാണ് സാധ്യത. തായ്‌ലന്‍ഡ് നിര്‍ദേശിച്ച പെയ്തി എന്നാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര്.

. കേരള തീരത്ത‌് 40 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ‌് വീശാനും സാധ്യതയുണ്ട‌്. 20 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത‌്. കടലിലുള്ളവർ മടങ്ങി എത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഫിഷറീസ് വകുപ്പ് ഈ വിവരം തുടർച്ചയായി എല്ലാ മത്സ്യബന്ധന ഗ്രാമങ്ങളിലും ഹാർബറുകളിലും പോർട്ടുകളിലും തീരദേശമേഖലകളിലും മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. ഈ മാസം ആദ്യം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ‌് കഴിഞ്ഞ ദിവസം തമിഴ‌്നാട്ടിൽ നാശം വിതച്ചിരുന്നു.