ശശികല കസ്റ്റഡിയിൽ, റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധം

single-img
17 November 2018

ശബരിമലയിൽ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ റാന്നി പൊലീസ് സ്റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും. ഇതിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകർ റാന്നി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിക്കുന്നു. നൂറോളം പേരാണ് നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ശശികലയെ വിട്ടയക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് പ്രവര്‍ത്തകരുടെ നാമജപ പ്രതിഷേധം. കൂടുതല്‍ പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. അതേസമയം, ശശികലയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പൊലീസ് നിയന്ത്രണങ്ങൾ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതൽ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിർത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്. ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലർച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പിൽ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങും മുൻപെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.

അതേസമയം ശശികലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു. ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കര്‍ശന നിയന്ത്രണത്തിലും ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതുമുതല്‍ സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്‍നിന്ന് രാത്രിയില്‍ ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.

അതേസമയം പമ്പയില്‍ ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റ‍ഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു. ഭക്തര്‍ക്കല്ല ആക്ടിവിസ്റ്റുകള്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ഭാര്‍ഗവറാം ആരോപിച്ചു