സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകനും മാദ്ധ്യമ പ്രവര്‍ത്തകയ്‌ക്കും ഹര്‍ത്താല്‍ അനുകൂലികളുടെ മര്‍ദ്ദനം

single-img
17 November 2018

കോഴിക്കോട്: ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകയെയും ഭര്‍ത്താവിനെയും ഒരുസംഘം ആക്രമിച്ചു. കോഴിക്കോട് കുറ്റ്യാടിയില്‍ വച്ചാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സാനിയോ മനോമിയെയും ഭര്‍ത്താവ് ജൂലിയസ് നികിതാസിനെയും പത്തോളം വരുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്. ജൂലിയസ് നിതികാസ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ മകനാണ്.

ഇന്ന് രാവിലെ 11 മണിയോടെയാണ് കുറ്റ്യാടി കക്കട്ട് അമ്ബലക്കുളങ്ങരയില്‍ വച്ച്‌ ഇവര്‍ക്ക് നേരെ ആക്രമണുണ്ടായത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരുടെ വാഹനം തടഞ്ഞ് നിറുത്തിയ എട്ടോളം ആളുകള്‍ രണ്ട് പേരെയും മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ജൂലിയാസിന്റെ മൂക്കിന്റെ പാലം തകര്‍ന്നു.

തനിക്കും മര്‍ദ്ദനമേറ്റതായി സാനിയോ പറയുന്നുണ്ട്. സാരമായ പരിക്കേറ്റ ഇരുവരെയും കുറ്റ്യാടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്‌ദ്ധ ചികിത്സയ്‌ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്നായിരുന്നു ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശം. മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ ഇവരെ പിന്തുടര്‍ന്നെത്തിയ സംഘം വീണ്ടും ആക്രമണം അഴിച്ചുവിട്ടു.

ഇരുവര്‍ക്കും നേരെ അസഭ്യവര്‍ഷവും ഭീഷണിയുമുണ്ടായി. വാഹനത്തിന് നേരെ കല്ലേറും നടന്നു. പേരാമ്ബ്ര പൊലീസ് സ്ഥലത്തുണ്ടായിരുന്നുവെങ്കിലും ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്നും സംഭവം ആസൂത്രിതമാണെന്നും സി.പി.എം നേതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ കുറ്റ്യാടി പോലീസ് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരേ കേസെടുത്തു.