തിരുവനന്തപുരത്ത് വാഹനങ്ങൾ തടഞ്ഞു; കല്ലേറ്‌: കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല; ഇന്നത്തെ പരീക്ഷകള്‍ മാറ്റിവച്ചു

single-img
17 November 2018

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ. പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂർ സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. ഇന്ന് നടത്താനിരുന്ന പത്താംതരംതുല്യത പരീക്ഷ മാറ്റിവച്ചു. തീയതി പിന്നീട് അറിയിക്കും.

കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷകൾ മാറ്റിവച്ചു. ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ നവംബർ 26 ലേക്ക് മാറ്റിയതായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

കോട്ടയം ജില്ലാ സ്കൂൾ കലോത്സവ പരിപാടികൾ അതേ വേദികളിൽ അതേ സമയം തിങ്കളാഴ്ച നടത്തുന്നതായിരിക്കും എന്ന് ഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

കേരള സർവകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പർക്ക ക്ലാസുകളും മാറ്റി വച്ചു.

തിരുവനന്തപുരം റവന്യു ജില്ലഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകൾ തിങ്കളാഴ്ചത്തേക്കു മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയക്ടർ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ, എസ്ഐഇടി നേതൃത്വത്തില്‍ തൃശൂർ ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളജ്, നാട്ടികയിലെ എസ്എൻ കോളജ്, തിരുവനന്തപുരത്തെ എംജി കോളജ് എന്നിവിടങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ത്രിദിന ശാസ്ത്ര ശില്പശാല 18,19,20 തീയതികളില്‍ നടത്തും.

അതേസമയം ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്‍.

ഹര്‍ത്താല്‍ ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കരകുളം ഏണിക്കരയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ഒറ്റപ്പെട്ട രീതിയില്‍ വാഹനങ്ങള്‍ തടയുന്നുണ്ട്.

ബാലരാമപുരത്ത് നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. പെട്ടെന്ന് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് ഡിപ്പോകൾക്ക് കെഎസ്ആര്‍ടിസി കൺട്രോൾ റൂം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രം നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. ദീര്‍ഘദൂര സര്‍വീസുകള്‍ ഹര്‍ത്താല്‍ സമയത്ത് സര്‍വീസ് നടത്തില്ല.

എരുമേലി, പത്തനംതിട്ട, പമ്പ മേഖലകളില്‍ കെഎസ്ആര്‍ടിസി സാധാരണ പോലെ സര്‍വീസ് നടത്തുന്നുണ്ട്. കെഎസ്ആർടിസി കോൺവോയ് അടിസ്ഥാനത്തിൽ പമ്പയിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. അതേസമയം ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന നാല് കെഎസ്ആർടിസി ബസുകൾ ബത്തേരിയിൽ കുടുങ്ങി.

പൊലീസ് സംരക്ഷണത്തിൽ ബസുകൾ കോഴിക്കോട്ടേക്ക് എത്തിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. വടക്കൻ കേരളത്തിൽ ഹർത്താലിൽ ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനം തടയുന്നില്ലെങ്കിലും പൊലീസ് സംരക്ഷണം ഉണ്ടെങ്കിൽ മാത്രമെ സർവീസ് നടത്തുകയുള്ളൂ എന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തിലും നിരവധി യാത്രക്കാർ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഇന്നലെ രാത്രി ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞിരുന്നു. രാത്രിയില്‍ ആരെയും സന്നിധാനത്തേക്ക് കടത്തിവിടില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. ശശികല തിരിച്ചു പോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.