ആരാണ് തൃപ്തി ദേശായി…?

single-img
16 November 2018

ഇന്ന് വാര്‍ത്തകളില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് തൃപ്തി ദേശായി എന്ന വനിതയാണ്. പുലര്‍ച്ചെ 4.40ന് പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതു മുതല്‍ മാധ്യമങ്ങള്‍ തൃപ്തിക്ക് പുറകെയുണ്ട്. ഒപ്പം പ്രതിഷേധക്കാരും.

ശബരിമല സന്ദര്‍ശനത്തിനെത്തിയ വനിത എന്ന നിലയിലാണോ ഇവര്‍ ഇത്രയും പ്രശസ്തയായത് എന്നാണ് ഇപ്പോള്‍ പലരും ചോദിക്കുന്നത്. എന്നാല്‍ ക്ഷേത്രങ്ങളിലെ ആരാധനകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കുന്നതിനെതിരായ പോരാട്ടത്തിലൂടെയാണ് തൃപതി ദേശായി ദേശീയതലത്തില്‍ ശ്രദ്ധേയമാകുന്നത്.

പ്രവര്‍ത്തനമേഖല പുണെ ആണെങ്കിലും കര്‍ണാടകക്കാരിയാണ് തൃപ്തി. സന്ന്യാസം സ്വീകരിച്ച പിതാവ് തൃപ്തിയുടെ ചെറുപ്പത്തില്‍ തന്നെ കുടുംബം ഉപേക്ഷിച്ചുപോയതോടെ ബാല്യവും കൗമാരവും ഏറെ ബുദ്ധിമുട്ടിലായിരുന്നു. ഹോംസയന്‍സ് പഠിക്കാന്‍ ചേര്‍ന്നെങ്കിലും സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് പൂര്‍ത്തിയാക്കാനായില്ല.

2003ല്‍ പൊതുപ്രവര്‍ത്തനത്തിലേക്ക് കടന്നു. അണ്ണാഹസാരെയുടെ നേതൃത്വത്തില്‍ നടന്ന അഴിമതി വിരുദ്ധസമരത്തിലും പങ്കാളിയായി. പുണൈ ആസ്ഥാനമായി ഭൂമാതാ ബ്രിഗേഡ് എന്നപേരില്‍ 2010 ല്‍ ഒരു സംഘടനയുണ്ടാക്കിയതോടെയാണ് തൃപ്തി ദേശായിക്ക് പിന്തുണ കൂടുന്നത്.

2010ല്‍ രൂപീകരിക്കുമ്പോള്‍ 400 അംഗങ്ങളുണ്ടായിരുന്ന ഭൂമാതാ ബ്രിഗേഡില്‍ ഇപ്പോള്‍ അയ്യായിരത്തിലധികം അംഗങ്ങളുണ്ട്. 2012ല്‍ പൂണൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച തൃപ്തി പരാജയപ്പെട്ടിരുന്നു.

നിലവില്‍ സ്വന്തം പ്രസ്ഥാനത്തിനോ തനിക്കോ മറ്റ് രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലെന്നാണ് തൃപ്തിയുടെ അവകാശവാദം. മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂര്‍ ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനായി സമരം ചെയ്തതോടെ ഇത്തരം പോരാട്ടങ്ങളുടെ മുഖമായി തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ് മാറി.

ശനി ക്ഷേത്രത്തില്‍ വനിതകളെ കയറ്റില്ലെന്ന 400 വര്‍ഷം പഴക്കമുള്ള ആചാരമാണ് ഭൂമാതാ ബ്രിഗേഡ് തിരുത്തിയത്. നാനൂറോളം സ്ത്രീകളുമായി ക്ഷേത്രത്തില്‍ പ്രവേശനത്തിനെത്തിയ തൃപ്തിയെ നാട്ടുകാര്‍ തടഞ്ഞു. ഹര്‍ജിയുമായി തൃപ്തി ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

ക്ഷേത്രപ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് തൃപ്തിയെ ശരിവച്ച് കോടതി ഉത്തരവ് വന്നതോടെ തൃപ്തിയുടെ സമരം ഫലം കണ്ടു. കോടതി ഉത്തരവോടെ ഹാജി അലി ദര്‍ഗയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചു. കോലാപ്പൂരിലെ മഹാലക്ഷ്മി ക്ഷേത്രത്തില്‍ തൃപ്തിയുടെ പ്രവേശനം രോഷാകുലരായ പുരോഹിതരുടെ ആക്രമണം വകവയ്ക്കാതെയായിരുന്നു.

ഈറനോടെയെത്തുന്ന പുരുഷന്‍മാര്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്ന നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ ഈറനുടുത്ത് പൊലീസ് പിന്തുണയോടെ കയറി തൃപ്തി ചരിത്രം തിരുത്തിയിരുന്നു. പ്രശാന്ത് ദേശായിയാണ് തൃപ്തിയുടെ ഭര്‍ത്താവ്. ഒരു മകനുമുണ്ട്.