പ്രതിഷേധക്കാർ നെടുമ്പാശ്ശേരി വിമാനത്താവളം വള‍ഞ്ഞു; പുറത്തിറങ്ങാനാവാതെ തൃപ്തി ദേശായി

single-img
16 November 2018

ശബരിലമല സന്ദര്‍ശിക്കാനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും പ്രതിഷേധത്തെത്തുടര്‍ന്ന് നാലു മണിക്കൂറിന് ശേഷവും പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്.

നെടുമ്പാശ്ശേരിയില്‍ നിന്ന് പോകാനായി ഇവര്‍ക്ക് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടില്ല. തൃപ്തിയെയും സംഘത്തെയും കൊണ്ടു പോകാനാവില്ലെന്ന് പ്രീ പെയ്ഡ് ടാക്സി ഡ്രൈവര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പൊലീസ് വാഹനത്തില്‍ ഇവരെ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോകാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് പ്രതിഷേധക്കാരും അറിയിച്ചിട്ടുണ്ട്. ഇവര്‍ മടങ്ങിപ്പോകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്ന് വിമാനത്തില്‍ വെച്ച് ത‍ൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മഹാരാഷ്ട്ര അഹമ്മദ്നഗര്‍ ശനി ശിംഘനാപുര്‍ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദര്‍ഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ദേശായ് ശ്രദ്ധനേടിയത്. കൊച്ചിയിലെത്തി തിരിച്ച് മഹാരാഷ്ട്രയിലെത്തുന്നവരെയുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.