എയര്‍പോര്‍ട്ട് മാത്രമല്ല രാജ്ഭവനും പിണറായിയുടെ ഓഫീസും വേണ്ടി വന്നാല്‍ ഉപരോധിക്കും; ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്നും കെ.സുരേന്ദ്രന്‍

single-img
16 November 2018

കൊച്ചി: ശബരിമലയില്‍ ആചാരലംഘനം നടത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ഒരു കാരണവശാലും തൃപ്തി ദേശായിയെപ്പോലുള്ള അവിശ്വാസികളായ ഒരു ആക്ടിവിസ്റ്റുകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കില്ല. തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

തൃപ്തി ദേശായിയെപ്പോലുള്ള ആക്ടിവിസ്റ്റുകള്‍ക്ക് കയറി നിരങ്ങാനുള്ള സ്ഥലമല്ല ശബരിമലയെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. കൊച്ചി വിമാനത്തിലൂടെയല്ല കേരളത്തിലൂടെ ഏത് നടവഴിയിലൂടെ പോയാലും തൃപ്തി ദേശായിയെപ്പോലെയുള്ളവരെ ഭക്തര്‍ തടയും. സമാധാന പരമായ സമരം തുടരുമെന്നും കൊച്ചി വിമാനത്താവളത്തിലെത്തിയ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിശ്വാസികളെ നേരിടാന്‍ ആയിരക്കണക്കിന് പൊലീസുകാരെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. എന്നാല്‍ കോടതി, പൊലീസ്, വെടിയുണ്ട എന്നിവയെ നേരിടാന്‍ തയ്യാറായി തന്നെയാണ് ഭക്തര്‍ മല ചവിട്ടുന്നത്. എന്തും സഹിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

ഇത് ഭക്തരുടെ വികാരമാണ്. വിമാനത്താവളത്തിലെന്നല്ല രാജ്ഭവനിലോ പിണറായിയുടെ ഓഫീസിന് മുന്നിലോ പോയി വേണമെങ്കിലും ഭക്തര്‍ പ്രതിഷേധം നടത്തും. തൃപ്തി ദേശായിയെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.