‘എനിക്കൊരു കാമുകിയുണ്ട്; പക്ഷേ വീട്ടുകാര്‍ക്ക് ഇഷ്ടമല്ല’; വിവാഹം നടക്കാത്തതിനെക്കുറിച്ച് വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ്

single-img
15 November 2018

മുത്തേ പൊന്നേ എന്ന ഒറ്റ ഗാനം കൊണ്ടുതന്നെ പ്രശസ്തനാണ് അരിസ്റ്റോ സുരേഷ്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അരങ്ങേറ്റം കുറിച്ച സുരേഷ് വളരെ വേഗത്തിലാണ് മലയാളസിനിമയുടെ ഭാഗമായത്. ബിഗ് ബോസിന് ശേഷം ഇപ്പോള്‍ സിനിമകളില്‍ സജീവമാകാനൊരുങ്ങുകയാണ് സുരേഷ്.

ടി.കെ രാജീവ് കുമാറിന്റെ കോളാമ്പിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷാണ്. നിത്യ മേനോനാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ തന്റെ വിവാഹം നടക്കാത്തതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സുരേഷ്. തനിക്കൊരു കാമുകിയുണ്ടെന്നും എന്നാല്‍ അവരുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ക്ക് താത്പര്യമില്ലാത്തത് കൊണ്ടാണ് അവിവാഹിതനായി തുടരുന്നതെന്നും മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

‘എന്റെ വിവാഹം പണ്ടേ നടക്കേണ്ടതാണ്. എനിക്ക് ഒരു കാമുകിയുണ്ട്. അവളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ പറ്റില്ല. എന്റെ വീട്ടുകാര്‍ക്ക് അവളെ വിവാഹം കഴിക്കുന്നത് താത്പര്യമില്ല. എന്റെ അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ അവള്‍ വിവാഹത്തിന് സമ്മതിക്കുകയുള്ളൂ. അതുകൊണ്ട് ഞാന്‍ ഇങ്ങനെ നില്‍ക്കുകയാണ്. അവളെ ഞാന്‍ ഒരുപാട് പ്രണയിക്കുന്നുണ്ട്. സുരേഷ് പറഞ്ഞു.

അവള്‍ക്കൊപ്പം, ചിലപ്പോള്‍ പെണ്‍കുട്ടി, കൊളാമ്പി തുടങ്ങിയ സിനിമകളിലാണ് താനിപ്പോള്‍ അഭിനയിക്കുന്നതെന്നും ഒരു ചിത്രവും തനിക്ക് ചെറിയ സിനിമയെന്ന് അനുഭവപ്പെടാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.