മുഖത്തേറ്റ മുറിവില്‍ നിന്ന് ചോര ഒലിക്കുമ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുന്ന അമ്മ കുരങ്ങിന്റെ ചിത്രം പകര്‍ത്തിയത് മൂന്നാര്‍ സ്വദേശി അഗസ്റ്റിന്‍: അതിനൊരു കാരണമുണ്ട്

single-img
15 November 2018

മുഖത്തേറ്റ മുറിവില്‍ നിന്ന് ചോര ഒലിക്കുമ്പോഴും കുഞ്ഞിനെ നെഞ്ചോട് ചേര്‍ക്കുന്ന അമ്മ കുരങ്ങിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എവിടെ നിന്നുള്ള ചിത്രമാണ് എന്ന് വ്യക്തമല്ലെങ്കിലും സോഷ്യല്‍ ലോകത്തിന്റെ കണ്ണുനിറയിക്കുന്ന ഈ ചിത്രത്തെ കുറിച്ച് രോഷത്തോടെ വിവിധകോണില്‍ നിന്നും ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. കഴിവ്,മിടുക്ക്,ചങ്കുറ്റം എന്നിവ കാട്ടേണ്ടത് മിണ്ടാപ്രാണിയോടല്ലെന്നാണ് ചിത്രം പങ്കുവച്ച് ചിലര്‍ എഴുതിയത്.

ഇതിനിടയിലാണ് ഈ ചിത്രം പകര്‍ത്തിയത് മൂന്നാര്‍ സ്വദേശിയായ അഗസ്റ്റിനാണെന്ന് വ്യക്തമായത്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ നിന്നും വരുന്ന വഴിയാണ് ഈ കാഴ്ച കാണുന്നത്. പെട്ടന്നുതന്നെ വാഹനത്തില്‍ നിന്നും ഇറങ്ങി കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് തങ്ങളെ അമ്മ കുരങ്ങ് അടുത്തേക്ക് അടുപ്പിച്ചില്ലെന്ന് അഗസ്റ്റിന്‍ പറഞ്ഞു.

തുടര്‍ന്ന് ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ചിത്രം അഗസ്റ്റിന്‍ പകര്‍ത്തിയത്. കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ കഴിക്കുന്ന ഈ കുരങ്ങനെയും കുഞ്ഞിനെയും തങ്ങള്‍ കണ്ടിരുന്നുവെന്നും അഗസ്റ്റിന്‍ പറയുന്നു.

ഈ പ്രദേശത്ത് കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന സ്ഥലത്ത് വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. ഈ ഒരു കാര്യം ലോകത്തോടു പറയാന്‍ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്നും അഗസ്റ്റിന്‍ പറയുന്നു.