വീണ്ടും കേരളപോലീസിന്റെ കാടത്തം; പൊതുസ്ഥലത്ത് സിഗരറ്റ് വലിച്ചതിന് പിഴയടയ്ക്കാന്‍ പണമില്ലെന്ന് പറഞ്ഞ യുവാവിനെ കയ്യേറ്റം ചെയ്ത് എസ്‌ഐ: വീഡിയോ പുറത്ത്

single-img
15 November 2018

കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മയ്യില്‍ എസ്.ഐ രാഘവനാണ് യുവാവിനെ കൈയേറ്റം ചെയ്യുന്നത്. പൊതുസ്ഥലത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്‌ഐ രാഘവന്‍ യുവാവിനെ പിടികൂടുന്നത്.

തുടര്‍ന്ന് പിഴയടയ്ക്കണമെന്ന് പറഞ്ഞു. കൈയില്‍ പണമില്ലാത്ത കാര്യം പറഞ്ഞെങ്കിലും പിഴ അപ്പോള്‍ തന്നെ നല്‍കണമെന്ന വാശിയിലായിരുന്നു എസ്‌ഐ. പണം പിന്നീട് അടയ്ക്കാമെന്ന് യുവാവ് പറയുമ്പോള്‍ എസ്‌ഐ ദേഹത്ത് കൈവെച്ചു. തന്റെ ദേഹത്ത് കൈവെക്കരുതെന്നും പണം ഇപ്പോള്‍ ഇല്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് പറയുന്നുണ്ടായിരുന്നു.

ഇതൊന്നും വകവയ്ക്കാതെ എസ്.ഐ യുവാവിനെ പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിലുണ്ട്.

സമീപത്ത് നിന്ന വ്യക്തി ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഈ എസ്‌ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ കയ്യേറ്റ ശ്രമത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്റെ തീരുമാനം.

https://www.facebook.com/vcmofficialnews/videos/202678217299546/