ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് തള്ളിയിട്ട് കൊന്ന സംഭവം; അരുംകൊലക്ക് പിന്നില്‍ ഗര്‍ഭിണിയായ കാമുകി

single-img
15 November 2018

ഒക്ടോബര്‍ 27 നാണ് ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ ഭാര്യയെ ഫ്‌ലാറ്റില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളുടെ കാമുകിക് കൊലയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്.

ഇതോടെയാണ് വിക്രം ചൗഹാനുമായി ബന്ധമുണ്ടായിരുന്ന ഷെഫാലി ഭാസിന്‍(35) എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ആറ് മാസം ഗര്‍ഭിണിയാണ്. ദീപികയെ ഫ്‌ലാറ്റില്‍ നിന്ന് തള്ളിയിടാന്‍ നിര്‍ദേശിച്ചത് ഷെഫാലിയാണെന്നാണ് പോലീസ് കണ്ടെത്തല്‍.

ഇതിന് തെളിവായി ഫോണിലെ സന്ദേശങ്ങളും ലഭിച്ചു. ഷെഫാലിയുമായി വിക്രമിനുണ്ടായിരുന്ന രഹസ്യ ബന്ധം ദീപിക അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് ദീപികയും വിക്രമും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിക്രം ദീപികയെ എട്ടാം നിലയിലുള്ള ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലേക്ക് വലിച്ചുകൊണ്ടുപോകുന്നതും താഴേക്ക് തള്ളിയിടുന്നതും.

ഫ്‌ലാറ്റില്‍ നിന്ന് വീണുമരിച്ചെന്നായിരുന്നു ഭര്‍ത്താവ് പൊലീസിനെയും അയല്‍വാസികളെയും അറിയിച്ചത്. എന്നാല്‍ തൊട്ടടുത്തെ ഫ്‌ലാറ്റില്‍ താമസിക്കുന്നവരുടെ മൊഴികളെത്തുടര്‍ന്നാണ് അന്വേഷണം വിക്രമിലേക്ക് നീണ്ടത്. വിക്രമിന്റെ കൈത്തണ്ടയില്‍ നഖത്തിന്റെ പാടുകള്‍ കണ്ടെത്തിയതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്തതോടെ വിക്രം കുറ്റസമ്മതവും നടത്തി.

നാല് വയസ്സുള്ള മകളും അഞ്ച് മാസം മാത്രം പ്രായമുള്ള മകനും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെയായിരുന്നു അരുംകൊല. ദയവായി എന്നെ കൊല്ലരുത്, അത്രയേറെ ഞാന്‍ നമ്മുടെ മക്കളെ സ്‌നേഹിക്കുന്നു, തള്ളിയിടുമ്പോള്‍ വിക്രമിന്റെ കയ്യില്‍ തൂങ്ങി ദീപിക പറഞ്ഞ വാക്കുകളാണ്. സംഭവം നേരില്‍ക്കണ്ട അയല്‍വാസിയാണ് പൊലീസിന് ഇങ്ങനെ മൊഴിനല്‍കിയത്.

കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വിക്രം ചൗഹാനും ഷെഫാലി ഭാസിനും പ്രണയത്തിലാണെന്ന് പൊലീസ് പറയുന്നു. ഒരേ കോളനിയിലെ താമസക്കാരായ ഇരുവരും പാര്‍ക്കില്‍ വെച്ചാണ് കണ്ടുമുട്ടുന്നത്. പരിചയപ്പെട്ടതിന് പിന്നാലെ അഞ്ച് ദിവസത്തെ ലേ–ലഡാക്ക് യാത്രയും ഇരുവരും നടത്തിയിരുന്നു. ഭര്‍ത്താവിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയ സിനിമാ ടിക്കറ്റില്‍ നിന്നാണ് ദീപിക ബന്ധത്തെക്കുറിച്ച് അറിയുന്നത്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പും ഇരുവരും ദീപികയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു.