കഠ്‌വ കേസ്: ദീപിക രജാവതിനെ കേസ് വാദിക്കുന്നതില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബം ഒഴിവാക്കി

single-img
15 November 2018

ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ സംഘംചേര്‍ന്നു പീഡിപ്പിച്ചു കൊന്ന കേസില്‍ അഭിഭാഷകയായ ദീപിക സിങ് രജാവത്തിനെ പെണ്‍കുട്ടിയുടെ കുടുംബം കേസ് വാദിക്കുന്നതില്‍ നിന്ന് മാറ്റി. കേസില്‍ നിരവധി തവണ കോടതിയില്‍ വാദം കേട്ടിട്ടും രണ്ടു തവണ മാത്രമാണ് ദീപിക ഹാജരായതെന്നു പിതാവ് പറഞ്ഞു.

ഇതാണ് അഭിഭാഷകയെ മാറ്റാന്‍ കാരണമെന്നാണ് സൂചന. അഭിഭാഷകയെ മാറ്റുന്നതിനായി പിതാവ് പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി കുടുംബത്തിന്റെ അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോടു പറഞ്ഞു. കഠ്‌വ കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരാകുന്നതിനായി ദീപിക സിങ് രജാവത്ത് സ്വമേധയ മുന്‍പോട്ടു വരുകയായിരുന്നു.

ഇതിനെ തുടര്‍ന്നു തന്റെ ജീവനു ഭീഷണിയുണ്ടെന്നു ദീപിക വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷയ്ക്കും സാക്ഷികള്‍ക്കും സര്‍ക്കാര്‍ തലത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു. കേസിന്റെ വിചാരണ കശ്മീരിനു പുറത്തേയ്ക്കു മാറ്റിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്.