മധ്യപ്രദേശില്‍ ബിജെപിക്ക് വിമത ശല്യം രൂക്ഷം; മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ 53 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

single-img
15 November 2018

മധ്യപ്രദേശില്‍ 53 വിമത സ്ഥാനാര്‍ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ളവരെയാണു പുറത്താക്കിയത്. ഇവര്‍ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ അന്ത്യശാസനം നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്നാണു നടപടിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

മുന്‍ മന്ത്രിമാരായ രാമകൃഷ്ണ കുസ്മരിയ, കെ.എല്‍.അഗര്‍വാള്‍, മൂന്ന് മുന്‍ എംഎല്‍എമാര്‍, ഒരു മുന്‍ മേയര്‍ എന്നിവരും ബിജെപി പുറത്താക്കിയ വിമതരില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനേയും വിമത ശല്യം അലട്ടുന്നുണ്ട്. 12 സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നുണ്ട്. പുറത്താക്കിയ മുന്‍ എംഎല്‍എ സേവ്യര്‍ മേദയും ഇതില്‍പ്പെടും.

ദമോ മണ്ഡലത്തില്‍ മത്സരിക്കുന്ന ധനകാര്യ മന്ത്രിയായ ജയന്ത് മല്ലയ്യയാണ് ബിജെപിയില്‍ ഏറ്റവും വലിയ വിമത ഭീഷണി നേരിടുന്ന പ്രമുഖന്‍. രാമകൃഷ്ണ കുസ്മരിയയാണ് ജയന്ത് മല്ലയ്യക്ക് കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. തൊട്ടടുത്ത മണ്ഡലമായ പതാരിയയിലും കുസ്മരിയ പത്രിക നല്‍കിയിട്ടുണ്ട്. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.