തൃപ്തി ദേശായി ശനിയാഴ്ച ശബരിമലയിലെത്തും; സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു

single-img
14 November 2018

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി. ആറ് സ്ത്രീകള്‍ ഒപ്പമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. സുരക്ഷ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് അയച്ചുവെന്നും തൃപ്തി ദേശായി വ്യക്തമാക്കി.

മല ചവിട്ടാതെ തിരിച്ചുപോകില്ല. ഈ മാസം 16നും 20 നും ഇടയില്‍ താന്‍ ശബരിമലയിലെത്തുമെന്ന് അവര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതി പ്രവേശനം അനുവദിക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല.

മണ്ഡലകാലം തുടങ്ങാനിരിക്കെ സമവായ ശ്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് തൃപ്തി ദേശായി ശനിയാഴ്ച എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി പ്രധാനമന്ത്രിയെ കൂടി സമീപിച്ച സാഹചര്യത്തില്‍ കേന്ദ്ര ഇടപെടലുണ്ടാകുമോ എന്നതും പ്രധാനമാണ്.

മല ചവിട്ടാതെ തിരിച്ച് പോകില്ലെന്ന തൃപ്തി ദേശായിയുടെ നിലപാടും സര്‍ക്കാരിന് തലവേദന സൃഷ്ടിക്കും. സുപ്രീംകോടതി വിധിക്ക് ശേഷം നേരത്തെ നിരവധി യുവതികള്‍ മലചവിട്ടാന്‍ എത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് എല്ലാവരും പിന്‍മാറിയിരുന്നു.