വയറുവേദനയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍

single-img
14 November 2018

അഹമ്മദാബാദിലാണ് സംഭവം. തെരുവില്‍ അലഞ്ഞുതിരിയുകയായിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ആരൊക്കെയോ ചേര്‍ന്ന് മാനസികാരോഗ്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ വച്ച് വയറുവേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് സിവില്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നതും പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതും.

എന്നാല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. താലിമാല, സ്വര്‍ണത്തിലും പിച്ചളയിലും പണിത വളകള്‍, മോതിരങ്ങള്‍ എന്നിവയടക്കമുള്ള ആഭരണങ്ങളാണ് സ്ത്രീയുടെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. നിരവധി ഇരുമ്പാണികള്‍, നട്ടുകളും ബോള്‍ട്ടുകളും, സേഫ്റ്റിപിന്നുകള്‍ തുടങ്ങിയവയും പുറത്തെടുത്തു.

ഒന്നരക്കിലോയിലധികം തൂക്കം വരുന്ന വസ്തുക്കളാണ് ശസ്ത്രക്രിയയിലൂടെ ലഭിച്ചത്. അക്യുഫാജിയ എന്ന രോഗാവസ്ഥയുള്ള സ്ത്രീ ഇവയൊക്കെയും വിഴുങ്ങിയതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രണ്ട് മണിക്കൂറിലധികം നീണ്ടുനിന്നതായിരുന്നു ശസ്ത്രക്രിയ. നാല്‍പത് വയസിലധികം പ്രായം തോന്നുന്ന സ്ത്രീ മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് പറയുന്നത്. ഇവരുടെ ബന്ധുക്കള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് ആശുപത്രി അധികൃതര്‍.