റഫാല്‍ ഇടപാടില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ചോദ്യങ്ങള്‍ക്ക് മുന്നില്‍ ‘വിയര്‍ത്ത്’ കേന്ദ്രസര്‍ക്കാര്‍: കേസ് വിധി പറയാന്‍ മാറ്റി

single-img
14 November 2018

റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ വാദപ്രതിവാദങ്ങള്‍ അവസാനിച്ചു. കേസ് വിധിപറയാന്‍ മാറ്റി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ഒന്നാം നമ്പര്‍ കോടതിമുറിയില്‍ നാലു മണിക്കൂറിലേറെ നീണ്ട വാദത്തില്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കേന്ദ്രത്തിനുവേണ്ടി വാദിച്ചു.

എജിയുടെ വാദങ്ങളോടു ശക്തമായ ചോദ്യങ്ങളാണ് ചീഫ് ജസ്റ്റിസ് ഉയര്‍ത്തിയത്. ഇടയ്ക്ക് വ്യോമസേന ഉപമേധാവി ചലപതിയെയും നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരെയും കോടതി വിളിച്ചുവരുത്തി ചോദ്യങ്ങള്‍ ചോദിച്ചു. വ്യോമസേനയില്‍ പുതിയതായി ചേര്‍ത്തവ എന്തൊക്കെയാണെന്ന് കോടതി ചലപതിയോടു ചോദിച്ചു. സുഖോയ് 30 ആണ് ഏറ്റവും പുതിയതായി സേനയില്‍ ചേര്‍ത്തിരിക്കുന്നത്. ഇനി 4+ തലമുറയില്‍പ്പെട്ട ഫൈറ്റര്‍ ജെറ്റുകളാണ് ഇന്ത്യയ്ക്ക് ആവശ്യം. അതാണ് റഫാല്‍ ജെറ്റുകള്‍ തിരഞ്ഞെടുത്തതെന്നും ചലപതി കോടതിയെ അറിയിച്ചു.

ഇന്ന് രാവിലെ നടന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് വീണ്ടും കോടതി ചേര്‍ന്നപ്പോള്‍ കരാറില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിനോട് ചോദിച്ചിരുന്നു. അക്കാര്യത്തില്‍ ഫ്രഞ്ച് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് അങ്ങനെയൊരു ഉറപ്പില്ലെന്ന് എജി വ്യക്തമാക്കി.

ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഒഫ് സെറ്റ് കരാറില്‍ മാറ്റം വരുത്തിയത് എന്തിനാണെന്ന് ജസ്റ്റിസ് കെ എം ജോസഫും ചോദിച്ചു. ഒഫ് സെറ്റ് കരാറില്‍ മാറ്റം വരുത്തിയത്തിയതില്‍ നിയമമന്ത്രാലയം ഉന്നയിച്ച ആശങ്കകള്‍ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും കോടതി ആരാഞ്ഞു.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഇടപാടാണെന്നും പങ്കാളിയായി റിലയന്‍സിനെ തീരുമാനിച്ചത് റഫാല്‍ നിര്‍മാതാക്കളായ ഡാസോയാണെന്നും അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ അറിയിച്ചു. പ്രതിരോധരംഗത്തെ ഇടപാടുകളുടെ സ്ഥിതിയും റഫാല്‍ കരാറിലേയ്ക്ക് കടക്കാനുണ്ടായ സാഹചര്യവും വ്യോമസേന മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് കോടതി ചോദിച്ചറിഞ്ഞു.

മുഴുവന്‍ നടപടിക്രമങ്ങളും തെറ്റിച്ചുകൊണ്ടാണ് ഇടപാട് നടന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്നാണ് ഇടപാടിന്റെ സാങ്കേതിക വശങ്ങളിലേക്ക് കോടതി കടന്നത്. തുടര്‍ന്ന് സാങ്കേതിക കാര്യങ്ങള്‍ സംബന്ധിച്ച് അറ്റോര്‍ണി ജനറലിനോട് കോടതി ചോദിച്ചു. തുടര്‍ന്നാണ് എയര്‍ഫോഴ്‌സ് ഉന്നതോദ്യോഗസ്ഥന്‍ തന്നെ ഹാജരായി വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്.

പ്രതിരോധ മന്ത്രാലയത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഹാജരായി കാര്യങ്ങള്‍ വിശദീകരിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. ഇന്ന് വാദം അവസാനിക്കുന്നതിനു മുന്‍പായി വ്യോമസേനാ ഉദ്യോഗസ്ഥന്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെടുകയായിരുന്നു.

റഫാല്‍ ഇടപാട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ അല്ലെന്ന് കോണ്‍ഗ്രസ് കോടതിയില്‍ വാദിച്ചു. ഡാസോയും പ്രതിരോധ മന്ത്രാലയവും തമ്മിലാണ് കരാര്‍ ഒപ്പിട്ടതെന്നും ഫ്രഞ്ച് സര്‍ക്കാര്‍ സമ്മതപത്രം നല്‍കുക മാത്രമാണ് ചെയ്തതെന്ന് കപില്‍ സിബല്‍ വാദിച്ചു. എറിക് ട്രാപ്പിയര്‍ പറയുന്നത് കള്ളമാണ്. എച്ച്.എ.എല്ലിന് ഭൂമിയില്ലാത്തതിനാല്‍ ഒഴിവാക്കിയെന്ന ട്രാപ്പിയറിന്റെ വാദവും കള്ളമാണെന്നും ഭൂമിയുള്ളതിനാല്‍ റിലയന്‍സിനെ പങ്കാളിയാക്കിയെന്ന വാദവും കള്ളമെന്നും കപില്‍ സിബല്‍ വാദിച്ചു.