വിദ്യാഭ്യാസ യോഗ്യത മാറ്റാന്‍ മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുമായി പി.കെ ഫിറോസ്; എങ്കില്‍ കോടതിയില്‍ പൊയ്‌ക്കോ എന്ന് കോടിയേരിയുടെ മറുപടി

single-img
14 November 2018

കേരള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജരായി ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി.ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്. ജനറല്‍ മാനേജര്‍ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവു വരുത്താനുള്ള തീരുമാനം മന്ത്രിസഭ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രിയോടു നിര്‍ദേശിച്ചതു മന്ത്രി ജലീലാണെന്നു വ്യക്തമായി.

യോഗ്യതയില്‍ മാറ്റംവരുത്തുമ്പോള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യണമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ വകുപ്പു സെക്രട്ടറിയെ മറികടന്നാണു ജലീല്‍ ഇടപെട്ടതെന്നു രേഖകള്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ യോഗ്യത മാറ്റുന്നതിന് ഉത്തരവിറക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ജലീല്‍ തന്റെ ലെറ്റര്‍പാഡില്‍ സെക്ഷനിലേക്ക് നോട്ട് നല്‍കി.

28 7 2016 നാണ് മന്ത്രി കുറിപ്പ് നല്‍കിയത്. കെ.ടി.ജലീലിന്റെ ബന്ധു അദീബിന്റെ യോഗ്യത തസ്തികയുടെ യോഗ്യതയായി കൂട്ടിച്ചേര്‍ക്കാന്‍ ആവശ്യപ്പെട്ടുള്ള കുറിപ്പായിരുന്നു ഇത്. എന്നാല്‍ മന്ത്രിയുടെ കുറിപ്പ് സെക്ഷനില്‍ വന്നപ്പോള്‍ വിദ്യാഭ്യാസ യോഗ്യതമാറ്റാന്‍ മന്ത്രിസഭാ യോഗത്തിന് മുന്നില്‍ വെക്കേണ്ടതുണ്ടോ എന്നറിയാന്‍ കുറിപ്പ് മുഖ്യമന്ത്രിക്ക് കൈമാറാന്‍ വകുപ്പ് സെക്രട്ടറിയായ എ.ഷാജഹാന്‍ ഐഎഎസ് വിയോജന നോട്ട് എഴുതി.

തൊട്ടടുത്ത ദിവസം തന്നെ മന്ത്രി ഇതില്‍ വീണ്ടും കുറിപ്പെഴുതി. കൂട്ടി ചേര്‍ക്കുന്നത് അധിക യോഗ്യത ആയതിനാല്‍ മന്ത്രിസഭയുടെ മുന്നില്‍ വെക്കേണ്ട ആവശ്യമില്ലെന്നും കാണിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. എന്നാല്‍ കൂട്ടിച്ചേര്‍ത്തത് അധിക യോഗ്യതയല്ലെന്നും അടിസ്ഥാന യോഗ്യതയാണെന്നും പി.കെ.ഫിറോസ് പറഞ്ഞു. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ജലീല്‍ മുഖ്യമന്ത്രിയെ കൊണ്ട് ഒപ്പ് വെപ്പിച്ചത്. ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

മന്ത്രി സംവാദത്തിനു ഭയക്കുന്നതു തെളിവുകള്‍ ഞങ്ങളുടെ കയ്യില്‍ കിട്ടിയതുകൊണ്ടാണ്. എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നത്. വിജിലന്‍സിന് ഞങ്ങള്‍ കൊടുത്ത പരാതിയില്‍ മന്ത്രി തന്നെ അന്വേഷണം ആവശ്യപ്പെടണം. എന്നിട്ടു മന്ത്രി രാജിവച്ചു മാറിനില്‍ക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണെന്നും ഫിറോസ് പറഞ്ഞു.

അതേസമയം ജലീലിനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് കൈയില്‍ വയ്ക്കാതെ യൂത്ത് ലീഗ് കോടതിയില്‍ പോകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജലീലിനെതിരായ ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല സിപിഎം സംസ്ഥാന സമിതി ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത് എല്ലാവരുടെയും അഭിപ്രായം അറിയാനാണെന്നും സ്ത്രീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി അതേപടി നിലനില്‍ക്കുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.