ആദ്യ ഭര്‍ത്താവിന്റെ അമ്പുകൊണ്ടുള്ള ആക്രമണത്തില്‍ ഗര്‍ഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

single-img
14 November 2018

കിഴക്കന്‍ ലണ്ടനിലെ ഇല്‍ഫോര്‍ഡ് മേഖലയില്‍ ഉദരത്തില്‍ അമ്പേറ്റ് ഇന്ത്യന്‍ വംശജയായ ഗര്‍ഭിണി മരിച്ചു. ദേവി ഉണ്മതല്ലെഗാഡൂ (35) ആണ് മുന്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുഞ്ഞിനെ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.

സംഭവത്തില്‍ മുന്‍ ഭര്‍ത്താവ് രാമണോഡ്‌ഗെ ഉണ്മതല്ലെഗാഡൂ(50)വിനെ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. വിവാഹ മോചിതയായ ദേവി ഉണ്മതല്ലെഗാഡു കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംതിയാസ് മുഹമ്മദെന്നയാളെ വിവാഹം കഴിച്ചിരുന്നു.

ഇതിന് ശേഷം മതം മാറി സന മുഹമ്മദ് എന്ന പേരും സ്വീകരിച്ചിരുന്നു. ആദ്യ ഭര്‍ത്താവില്‍ മൂന്ന് മക്കളുള്ള ഇവര്‍ക്ക് രണ്ടാം ഭര്‍ത്താവില്‍ രണ്ട് മക്കളുണ്ട്. ഇംതിയാസില്‍ നിന്നുളള മൂന്നാമത്തെ കുട്ടിയെ പ്രസവിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ആദ്യ ഭര്‍ത്താവില്‍ നിന്ന് ആക്രമണമുണ്ടായത്. എന്താണ് ആക്രണത്തിനുള്ള കാരണമെന്ന് വ്യക്തമായിട്ടില്ല.

വീടിനു സമീപം അമ്പും വില്ലുമായി രാമണോഡ്‌ഗെയെ കണ്ടതോടെ ഇംതിയാസ് ഓടി ഭാര്യയുടെ അടുത്തെത്തി. അപ്പോഴേക്കും ആക്രമണം നടന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പിന്നീട് ഗര്‍ഭസ്ഥശിശുവിന്റെ ജീവനും അപകടത്തിലായിരുന്നെങ്കിലും സങ്കീര്‍ണമായ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.