‘എന്റെ മകനെ നോക്കണം, സോറി, സോറി’: ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

single-img
14 November 2018

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍കുമാര്‍ വധക്കേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് ഹരികുമാര്‍ എഴുതിയിരിക്കുന്നത്. ‘എന്റെ മകനെ നോക്കണം, സോറി, സോറി’ എന്നാണ് ആത്മഹത്യാകുറിപ്പിലെ വാചകങ്ങള്‍.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെയാണ് ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കല്ലമ്പലത്തെ വീടിനു പുറകിലെ ഷെഡില്‍ കണ്ടെത്തിയത്. വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയ ഭാര്യയുടെ അമ്മയാണു ഹരികുമാര്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. ഹരികുമാറിന്റെ കല്ലമ്പലത്തെ വീട് കുറച്ചു നാളുകളായി അടഞ്ഞുകിടക്കുകയായിരുന്നു.

ഔദ്യോഗിക ആവശ്യത്തിനായി നെയ്യാറ്റിന്‍കരയിലായിരുന്നു താമസം. ഹരികുമാര്‍ ഒളിവില്‍പോയശേഷം ഭാര്യയും മകനും കല്ലറയുള്ള കുടുംബവീട്ടിലായിരുന്നു. രാത്രിയോടെ ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.