‘നിങ്ങള്‍ ജയിച്ചു; ഞാന്‍ തോറ്റു’: അജ്മല്‍ കസബിന്റെ കുമ്പസാരം പുറത്ത്

single-img
13 November 2018

2008 നവംബറില്‍ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായിരുന്നു ലഷ്‌കര്‍ ഇ–ത്വയ്ബ തീവ്രവാദി അജ്മല്‍ കസബിനെ തൂക്കിലേറ്റപ്പെടും മുന്‍പുള്ള അവസാനവാക്കുകള്‍ വെളിപ്പെടുത്തി അന്വേഷണ സംഘത്തിലുണ്ടായിരുന്ന രമേശ് മഹാല്‍ എന്ന ഉദ്യോഗസ്ഥന്‍.

”നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു”, എന്നാണ് കസബ് അവസാനമായി പറഞ്ഞത്. ഒരിക്കലും ചോദ്യങ്ങള്‍ക്ക് നേരിട്ടുള്ള ഉത്തരങ്ങള്‍ നല്‍കിയിരുന്നില്ല. അമിതാബ് ബച്ചനെ കാണാനാണ് വിസയെടുത്ത് താന്‍ മുംബൈയിലെത്തിയതെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ക്രൂരമായ ചോദ്യം ചെയ്യലുകള്‍ കൊണ്ട് ഫലമില്ലായിരുന്നു. പിന്നീട് തങ്ങള്‍ കസബിന് ആശ്വാസപ്രദമായ അന്തരീക്ഷം ഒരുക്കിയെന്നും സ്വയം മനസുതുറക്കാന്‍ കാത്തിരുന്നുവെന്നും രമേശ് മഹാലെ പറയുന്നു.

2012 നവംബറിലാണ് കസബിനെ തൂക്കിലേറ്റിയത്. അതിന് തലേദിവസമാണ് കുറ്റസമ്മതം നടത്തിയതെന്ന് കസബിനെ ആദ്യം ചോദ്യം ചെയ്ത പൊലീസ് ഇന്‍സ്‌പെക്ടര്‍ രമേഷ് മഹാലെ പറഞ്ഞു. ഇന്ത്യക്കെതിരെ യുദ്ധം ചെയ്തുവെന്നതുള്‍പ്പെടെ 80 കുറ്റങ്ങളാണ് കസബിനെതിരെ ചുമത്തിയിരുന്നത്.

2008 നവംബര്‍ 26ന് മുംബൈ പൊലീസിന് ലഭിച്ച നിര്‍ദേശ പ്രകാരമാണ് മുംബൈ നായര്‍ ആശുപത്രിയില്‍ വെച്ച് ആദ്യമായി രമേഷ് മഹാലെ കസബിനെ ചോദ്യം ചെയ്യുന്നത്. മുംബൈ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന മഹാലെക്കായിരുന്നു 26/11ലെ മുംബൈ ആക്രമണത്തിന്റെ അന്വേഷണ ചുമതല. 2013ല്‍ ജോലിയില്‍ നിന്ന് വിരമിച്ച അദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്.

ഭീകരാക്രമണത്തിലെ മുഖ്യപ്രതിയായ കസബ് 81 ദിവസം ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു. അതിനു ശേഷമാണ് ആര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റിയത്. കോടതിയില്‍ നിന്ന് തൂക്കിലേറ്റാനുള്ള വാറന്റ് ലഭിക്കും വരെ ഇന്ത്യന്‍ നിയമങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും എന്നുതന്നെയായിരുന്നു കസബിന്റെ വിശ്വാസം.

കസബ് തന്നെ അത്ഭുതപ്പെടുത്തി. 21കാരന്റെ പ്രതിരോധം മറികടക്കാന്‍ ക്രൂരമായ ചോദ്യം ചെയ്യലുകള്‍ക്കൊന്നും സാധ്യമാകില്ലെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞു. ഞങ്ങള്‍ കസബിന് ആശ്വാസപ്രദമായ അന്തരീക്ഷം ഒരുക്കി. എന്നിട്ട് സ്വയം മനസുതുറക്കാന്‍ കാത്തിരുന്നു.

ഒന്നരമാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞ കസബിന്റെ ചിന്തകളിലേക്ക് മഹാലെക്ക് അപ്രതീക്ഷിത വഴി തുറക്കുകയായിരുന്നു. ഒരിക്കല്‍ സംസാരിക്കുന്നതിനിടെ കസബ് പറഞ്ഞു ‘തന്റെ കുറ്റകൃത്യത്തിന് തൂക്കുക്കയര്‍ നല്‍കാമെങ്കിലും ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍ അത് ഉണ്ടാകില്ല. കാരണം വധശിക്ഷ ഇന്ത്യന്‍ നിയമവ്യവസ്ഥ ഇഷ്ടപ്പെടുന്നില്ല’. ഇന്ത്യന്‍ കോടതി വധശിക്ഷ വിധിച്ച് എട്ടു വര്‍ഷമായിട്ടും പാര്‍ലമന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാത്തത് അതിന് ഉദാഹരണമാണ് എന്നായിരുന്നു കസബിന്റെ നിരീക്ഷണം. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഒന്നിനും നേരിട്ടുള്ള മറുപടി കസബ് നല്‍കിയില്ലെന്നും മഹാലെ ഓര്‍മിച്ചു.