കല്ലമ്പലത്തെ വീട്ടില്‍ ഹരികുമാര്‍ എത്തിയത് ഇന്നലെ രാത്രി;ആദ്യം കണ്ടത് ഭാര്യയുടെ അമ്മ നായയ്ക്ക് ഭക്ഷണം നല്‍കാന്‍ എത്തിയപ്പോള്‍

single-img
13 November 2018

സനല്‍ കൊലക്കേസ് പ്രതി ബി ഹരികുമാറിന്റെ മരണം ഇന്നലെ രാത്രി സംഭവിച്ചതാകാമെന്ന് തിരുവനന്തപുരം റൂറല്‍ എസ്‌‌പി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും എസ്‌പി പറഞ്ഞു.

ഭാര്യയുടെ അമ്മ വളര്‍ത്തു നായയ്ക്ക് ഭക്ഷണം നല്‍കാനെത്തിയപ്പോഴാണ് ഡിവൈഎസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. ഈ വീടിനു തൊട്ടടുത്താണു ഭാര്യയുടെ അമ്മ താമസിക്കുന്നത്.

തമിഴ്‌നാട്ടില്‍ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഹരികുമാറിനോട് കീഴടങ്ങാന്‍ ബന്ധുക്കള്‍വഴി പൊലീസ് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതിനു തയാറാകാതെ ഡിവൈഎസ്പി ഒളിയിടങ്ങള്‍ മാറുകയായിരുന്നു. നാളെയാണ് ഹരികുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരുന്നത്. കോടതിയുടെ തീരുമാനം എതിരായാല്‍ മാത്രം കീഴടങ്ങാനായിരുന്നു ഹരികുമാറിന്റെ പദ്ധതി. ശത്രുക്കളുള്ളതിനാല്‍ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് കൊണ്ടുപോകരുതെന്ന ആവശ്യവും ഹരികുമാര്‍ മുന്നോട്ടുവച്ചിരുന്നു.

നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് ഡിവൈഎസ്‌പിയുടെ മരണം സംഭവിച്ചിരിക്കുന്നത്. കോടതിയില്‍ ഹാജരാകുന്നതിന്റെ ഭാഗമായിട്ടാകാം ഇദ്ദേഹം വീട്ടില്‍ എത്തിയതെന്നും ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ആത്മഹത്യയാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ് എത്തിയിരിക്കുന്നത് കൂടുതല്‍ അന്വേഷണം നടത്തുമെന്നും റൂറല്‍ എസ്‌പി വ്യക്തമാക്കി