രണ്ടാം ഘട്ട നോട്ട് നിരോധനത്തിന് മോദി ഒരുങ്ങുന്നുവെന്ന് കോണ്‍ഗ്രസ്;കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടതും ഇതിന്റെ ഭാഗം

single-img
13 November 2018

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തില്‍ കൈകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങള്‍ രണ്ടാം നോട്ട് നിരോധനത്തിന്റെ മുന്നോടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ ആവശ്യപ്പെട്ടത് ഇതിന്റെ തെളിവാണ്. രാജ്യത്തിന്റെ പൊതുസ്വത്ത് പിടിച്ചെടുത്ത് തന്റെ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്യാനുള്ള നീക്കമാണ് മോദി നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ആരോപിച്ചു.

നോട്ട്‌നിരോധനത്തിലൂടെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ഒന്നരശതമാനം ഇടിവുണ്ടായി. അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകെത്തകര്‍ത്തു. ഇപ്പോള്‍ വീണ്ടും നോട്ട്‌നിരോധനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതിലൂടെ രാജ്യത്തെ ആഭ്യന്തരഉല്പാദനത്തില്‍ 2 ശതമാനം ഇടിവ് സംഭവിക്കാനാണ് പോകുന്നതെന്നും സിങ്‌വി കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ജി.ഡി.പിയുടെ രണ്ട് ശതമാനത്തിന് തുല്യമായ തുകയാണ് ആര്‍.ബി.ഐയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അ‌ഞ്ച് സംസ്ഥാനങ്ങളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും തോല്‍ക്കുമെന്ന് ഭയന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ജാലവിദ്യ കാട്ടാനാണ് ഇത്രയും തുക കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ച്‌ നേടിയ നികുതിപ്പണം എവിടെയാണെന്നും സിംഗ്‌വി ചോദിച്ചു.