‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം’; സുനില്‍ പി ഇളയിടത്തെ കൊല്ലാന്‍ ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍

single-img
12 November 2018

എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടത്തിനെതിരെ സംഘപരിവാര്‍ വധഭീഷണി. ശ്രീവിഷ്ണു എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൊലവിളിയുമായി രംഗത്തെത്തിയത്. ”ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞു കൊന്നേക്കണം…” എന്നായിരുന്നു സുദര്‍ശനം പേജിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് ശ്രീവിഷ്ണു ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തത്.

അടൂര്‍ സ്വദേശിയായ ഇയാള്‍ അബുദാബിയില്‍ ജോലിചെയ്യുന്ന പ്രവാസിയാണെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് ലഭിക്കുന്ന വിവരം. സുനില്‍ പി ഇളയിടത്തിന്റെ പ്രസംഗത്തിലെ ഒരു ഭാഗം അടര്‍ത്തിമാറ്റി അദ്ദേഹം ആര്‍എസ്എസിന്റെ രാഷ്ട്രീയ പദ്ധതിയായ ‘ഹിന്ദുത്വ’യെ വിമര്‍ശിക്കുന്നതിനെ ഹിന്ദുസമൂഹത്തിനെതിരെ സംസാരിക്കുന്നു എന്ന് മുദ്രകുത്തിയാണ് സുദര്‍ശനം പേജ് വിദ്വേഷപ്രചരണം കൊഴുപ്പിക്കുന്നത്.

ശബരിമല വിഷയത്തിലെ സംഘപരിവാറിന്റെ ഗൂഢലക്ഷ്യങ്ങള്‍ തുറന്നുകാട്ടിക്കൊണ്ട് സുനില്‍ പി ഇളയിടം നിരവധി വേദികളില്‍ പ്രസംഗിക്കുകയും ചാനല്‍ ചര്‍ച്ചകളില്‍ സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് അദ്ദേഹത്തെ ഹിന്ദുവിരുദ്ധനെന്ന് മുദ്രകുത്തി വിദ്വേഷപ്രചരണവുമായി ഇപ്പോള്‍ സംഘപരിവാര്‍ രംഗത്തെത്താന്‍ കാരണം.