‘മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാനാവാത്ത നിങ്ങള്‍ എന്ത് സര്‍ക്കാരാണ്’; ബീഹാര്‍ ബി.ജെ.പി സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
12 November 2018

ബീഹാര്‍ സര്‍ക്കാരിനും പോലീസിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ബീഹാറിലെ മുസാഫര്‍പൂരില്‍ സംരക്ഷണ കേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ ഇതുവരെ മുന്‍മന്ത്രി മഞ്ജു വര്‍മയെ അറസ്റ്റു ചെയ്യാനായില്ലെന്ന സര്‍ക്കാര്‍ മറുപടിയ്‌ക്കെതിരെയായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.

‘നന്നായിരിക്കുന്നു, മുന്‍ ക്യാബിനറ്റ് മന്ത്രിയെ അന്വേഷിച്ച് കണ്ടെത്താനായില്ല, ഇതിന് നിങ്ങള്‍ വിശദീകരണം നല്‍കണം, മുന്‍ മന്ത്രിയെവിടെയെന്ന് സര്‍ക്കാരിന് അറിയില്ലെന്ന മറുപടി വിചിത്രമായിരിക്കുന്നു. മുന്‍മന്ത്രി എവിടെയെന്ന് ആര്‍ക്കും അറിയാതിരിക്കുന്നതെങ്ങനെ’ കോടതി ചോദിച്ചു.

നവംബര്‍ ഒന്നിനാണ് മുന്‍മന്ത്രി മഞ്ജു വര്‍മയ്‌ക്കെതിരെ ബീഹാര്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.

മഞ്ജു വര്‍മയെ കണ്ടെത്തി അറസ്റ്റ് ചെയ്യാത്ത പക്ഷം ബിഹാര്‍ പോലീസ് മേധാവി നവംബര്‍ 27ന് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരിക്കാന്‍ സമയപരിധിക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും കോടതി പോലീസിന് നിര്‍ദേശം നല്‍കി.

പീഡനം നടന്നതായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് കണ്ടെത്തിയ 14 സംരക്ഷണ കേന്ദ്രങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ ബീഹാര്‍ ചീഫ് സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിട്ടുണ്ട്.

ആയുധങ്ങള്‍ സംഭരിച്ചതിന് നവംബര്‍ ഒന്നിന് മഞ്ജു വര്‍മയ്‌ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതുവരെയും അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തില്‍ മുന്‍മന്ത്രി നിയമങ്ങള്‍ക്ക് അതീതയല്ലെന്നും വിഷയത്തെ ബിഹാര്‍ സര്‍ക്കാര്‍ സമീപിച്ചത് ശരിയായ രീതിയിലല്ലെന്നും കോടതി കുറ്റപ്പെടുത്തി

ബീഹാറിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മഞ്ജുള വര്‍മ ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മന്ത്രി സ്ഥാനം രാജിവെച്ചത്. മഞ്ജുള വര്‍മയുടെ ഭര്‍ത്താവ് ചന്ദ്രശേഖര്‍ വര്‍മ നിരവധി തവണ മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോം സന്ദര്‍ശിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയ്‌ക്കെതിരെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു. കേസില്‍ അറസ്റ്റിലായ പ്രധാന പ്രതി ബ്രജേഷ് ശര്‍മയുടെ അടുത്ത അനുയായി കൂടിയായിരുന്നു വര്‍മ.

40 ഓളം പെണ്‍കുട്ടികളായിരുന്നു മുസാഫര്‍പൂര്‍ ഷെല്‍ട്ടര്‍ ഹോമില്‍ ക്രൂരബലാത്സംഗത്തിന് ഇരയായത്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ ഡിപാര്‍ട്‌മെന്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ട വിവരം വ്യക്തമാക്കിയിരുന്നത്.