ശ്രീധരന്‍പിള്ളയ്ക്കും തന്ത്രിക്കുമെതിരായ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല

single-img
12 November 2018

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിക്ക് അനുമതിയില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠരര് രാജീവര്, പന്തളം രാജകുടുംബാംഗം, നടന്‍ കൊല്ലം തുളസി, ആര്‍എസ്എസ് നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ഹര്‍ജി.

കോടതിയലക്ഷ്യമല്ല ഇവരുടെ നടപടി. ക്രിയാത്മക വിമര്‍ശനം മാത്രമാണ് ഇവര്‍ നടത്തിയിരിക്കുന്നത് എന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാന്‍ ആകില്ല, അവ പരിഗണിക്കാനും ആകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. അഭിഭാഷകയായ ഗീനാകുമാരി, എ വി വര്‍ഷ എന്നിവര്‍ നല്‍കിയ അപേക്ഷയിലാണ് തീരുമാനം.

സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി വാങ്ങണം. അറ്റോര്‍ണി ജനറലിനാണ് ആദ്യം അപേക്ഷയുടെ പകര്‍പ്പ് നല്‍കിയത്. എന്നാല്‍ ഇതില്‍ നിന്ന് പിന്‍മാറിയ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ അപേക്ഷയില്‍ നടപടിയെടുക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഏല്‍പ്പിക്കുകയായിരുന്നു.

താന്‍ മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായിട്ടുണ്ടെന്ന് കാണിച്ചാണ് കെ.കെ.വേണുഗോപാല്‍ പിന്‍മാറിയതെന്നാണ് സൂചന. ശബരിമലയിലെ സ്ത്രീപ്രവേശനവിധിയ്‌ക്കെതിരെ എജി കെ.കെ.വേണുഗോപാല്‍ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു.