അഹിന്ദുക്കള്‍ പ്രവേശിച്ചു; പത്മനാഭസ്വാമി ക്ഷേത്ര നട തന്ത്രി അടച്ചു

single-img
12 November 2018

പത്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ചു. ശുദ്ധിക്രിയകൾക്ക് ശേഷമേ ഇനി നട തുറക്കു. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു. ഇതോടെയാണ് സംഭവം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി ശുദ്ധിക്രിയകൾ തുടങ്ങി.

കഴിഞ്ഞ അഞ്ചിന് ക്ഷേത്രത്തില്‍ അല്‍പ്പശി ഉത്സവം തുടങ്ങിയപ്പോള്‍ പകല്‍ദര്‍ശനത്തിന് എത്തിയവരുടെ കൂട്ടത്തില്‍ മറ്റു മതസ്ഥരുടെ വസ്ത്രധാരണരീതിയോട് സാമ്യമുള്ള വസ്ത്രം ധരിച്ച സ്ത്രീ ഉണ്ടായിരുന്നതായും പുറത്തെ പോലീസിന്റെ സി.സി.ടി.വി. ക്യാമറയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഇവര്‍ ക്ഷേത്ര ആചാരപ്രകാരമുള്ള വേഷംമാറി ഉള്ളില്‍ കയറിയതായി പോലീസ് അറിയിച്ചു. അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം.

അഹിന്ദുക്കള്‍ കയറിയെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ പൂജകള്‍ നിര്‍ത്തി പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് നിര്‍ദേശം നല്‍കുകയായിരുന്നു. ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിര്‍ത്തിവെച്ചു. തുടര്‍ന്ന് ക്ഷേത്രനട അടച്ചു. ഇതുസംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഉത്സവം തുടങ്ങിയ ദിവസത്തെ ചടങ്ങുകള്‍ വീണ്ടും നടത്തി. തിങ്കളാഴ്ച രാവിലെ മുതല്‍ പതിവുള്ള ദര്‍ശനവും മറ്റു പൂജകളും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.